കോല്‍ക്കത്ത: ഇഞ്ചുറി സമയത്ത് സംഭവിച്ച അദ്ഭുത ഗോളില്‍ കോല്‍ക്കത്തന്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്‍റ് കപ്പ് ഫൈനലില്‍. തോറ്റെന്ന് കരുതിയ മത്സരം ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റില്‍ സമനിലയിലെത്തിച്ച് ഷൂട്ടൗട്ടില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്താണ് ബംഗാള്‍ ടീമിന്‍റെ ഫൈനല്‍ പ്രവേശനം. 76-ാം മിനിറ്റ് വരെ 2-0ന് മുന്നിലായിരുന്നു നോര്‍ത്ത് ഈസ്റ്റിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്. ഈസ്റ്റ് ബംഗാളിനായി നന്ദകുമാര്‍ ശേഖര്‍ സമനില ഗോള്‍ നേടിയപപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ നെറോം മഹോഷ് നേടിയ സെല്‍ഫ് ഗോള്‍ എന്നിവ ഗുണമായി. നോര്‍ത്ത് ഈസ്റ്റിനായി ഫാല്‍ഗുനി ഇരട്ടഗോള്‍ നേടി.
19 വര്‍ഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്‍റ് കപ്പ് ഫൈനലിലെത്തുന്നത്. 16 തവണ ജേതാക്കളായ ടീമാണ് ഈസ്റ്റ് ബംഗാള്‍. 2004ലാണ് ഈസ്റ്റ് ബംഗാള്‍ അവസാനമായി ഡ്യൂറന്‍റ് കപ്പ് ഫൈനലിലെത്തുന്നത്.നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയിലായി.തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അവിടെ 5-3ന് ജയിച്ചാണ് ഈസ്റ്റ് ബംഗാള്‍ ഫൈനലിലേക്കു മുന്നേറിയത്. കളിതുടങ്ങി 22-ാം മിനിറ്റില്‍ നോര്‍ത്ത്ഈസ്റ്റ് മുന്നിലെത്തി. ഫാല്‍ഗുനി ഇടതുവിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് സബാക്കോയാണ് ടീമിന് ലീഡ് നല്‍കിയത്. പിന്നാലെ 57-ാം മിനിറ്റില്‍ ഫാല്‍ഗുനി തന്‍റെ ഇടംകാലനടിയിലുടെ നോര്‍ത്ത്ഈസ്റ്റിന്‍റെ ലീഡുയര്‍ത്തി.ഗോളിനായുള്ള ഈസ്റ്റ് ബംഗാളിന്‍റെ ശ്രമങ്ങളെല്ലാം പാഴാകുകയായിരുന്നു.
ഒടുവില്‍ 77-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിന്‍റെ അക്കൗണ്ട് തുറന്നു. നെറോം മഹോഷിന്‍റെ ഷോട്ട് നോര്‍ത്ത്ഈസ്റ്റ് താരം ദിനേഷിന്‍റെ ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു. പിന്നാലെ ഈസ്റ്റ് ബംഗാള്‍ സമനില ഗോളിനായി ആക്രമണം കടുപ്പിച്ചു. ഇതിനിടെ ഇഞ്ചുറി ടൈമില്‍ സബാക്കോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതോടെ നോര്‍ത്ത്ഈസ്റ്റ് 10 പേരായി ചുരുങ്ങി. പിന്നാലെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നന്ദകുമാര്‍ ശേഖര്‍ ഒരു ഹെഡറിലൂടെ ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിച്ചു.ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ ക്ലെയ്റ്റണ്‍ സില്‍വ, സോള്‍ ക്രെസ്പോ, ബോര്‍ഹ ഹെരേര, നെറോം മഹേഷ്, നന്ദകുമാര്‍ ശേഖര്‍ എന്നിവര്‍ ഈസ്റ്റ് ബംഗാളിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഇബ്സണ്‍ ഡെല്‍മെലോ, ഗനി അഹമ്മദ്, പ്രഗ്യാന്‍ ഗോഗോയ് എന്നിവര്‍ക്ക് മാത്രമാണ് നോര്‍ത്ത്ഈസ്റ്റിനായി വലകുലുക്കാനായത്. പാര്‍ഥിവ് ഗോഗോയിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
താരത്തിന്‍റെ ആദ്യ കിക്ക് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രബ്സുഖന്‍ ഗില്‍ രക്ഷപ്പെടുത്തിയെങ്കിലും ഗില്‍ ലൈന്‍വിട്ടിറങ്ങിയതിനാല്‍ റഫറി വീണ്ടും കിക്കെടുപ്പിക്കുകയായിരുന്നു.
എന്നാല്‍ ഈ അവസരവും മുതലാക്കാന്‍ പാര്‍ഥിവിനായില്ല. ഇന്നു നടക്കുന്ന എഫ്‌സി ഗോവ- മോഹന്‍ ബഗാന്‍ രണ്ടാം സെമി ഫൈനല്‍ വിജയികളെയാകും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ നേരിടുക. മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ ഫൈനല്‍ വന്നാല്‍ അതൊരു ചരിത്ര ഫൈനലാകും.