രമൺദീപ് സിങ് File
Sports

ഇന്ത്യയും പാക്കിസ്ഥാനുമില്ലാതെ എമർജിങ് ഏഷ്യ കപ്പ് ഫൈനൽ

സീനിയർ ടീമിൽ കളിച്ച മൂന്നു പേർ ഉൾപ്പെട്ട ഇന്ത്യ എ ടീമിനെ കീഴടക്കിയത് അഫ്ഗാനിസ്ഥാൻ എ ടീം. പാക്കിസ്ഥാൻ എ ടീമിനെ മറികടന്ന ശ്രീലങ്ക എ ടീമാണ് ഫൈനലിലെ എതിരാളികൾ.

ഒമാനിൽ നടക്കുന്ന എമെർജിങ് ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ പരമ്പരാഗത ശക്തിദുർഗങ്ങളായ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും എ ടീമുകൾക്ക് കനത്ത തിരിച്ചടി. വമ്പൻ ടീമുകൾ രണ്ടും ഫൈനൽ കാണാതെ പുറത്തായപ്പോൾ കലാശ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത് ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാന്‍റെയും എ ടീമുകൾ.

പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ശ്രീലങ്കയുടെ മുന്നേറ്റം. സീനിയർ ടീമിൽ കളിച്ചിട്ടുള്ള അഭിഷേക് ശർമയും തിലക് വർമയും രാഹുൽ ചഹറും ഉൾപ്പെട്ട അതിശക്തമായ ഇന്ത്യൻ സംഘത്തെ ആധികാരികമായി തന്നെ പരാജയപ്പെടുത്തിയാണ് അഫ്ഗാൻ രണ്ടാം നിരയുടെ കുതിപ്പ്.

ഇന്ത്യക്കെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് പടുത്തുയർത്തി. ഓപ്പണർമാരായ സുബൈദ് അക്ബരിയും (41 പന്തിൽ 64) സെദിക്കുള്ള അതലും (52 പന്തിൽ 83) അർധ സെഞ്ചുറി നേടിയപ്പോൾ, സീനിയർ ടീമിൽനിന്നെത്തിയ കരിം ജാനത്തും (20 പന്തിൽ 41) മോശമാക്കിയില്ല. 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കശ്മീരി പേസ് ബൗളർ രസിക് സലാം മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ മികവ് പുലർത്തിയത്.

എന്നാൽ, പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമയ്ക്കും (7) പ്രഭ്സിമ്രൻ സിങ്ങിനും (19) ക്യാപ്റ്റൻ തിലക് വർമയ്ക്കും (16) സാധിച്ചില്ല. ടൂർണമെന്‍റിൽ ഉടനീളം മികച്ച ഫോമിൽ കളിച്ച ആയുഷ് ബദോനി 31 റൺസെടുത്തു. 34 പന്തിൽ 64 റൺസെടുത്ത കെകെആർ ഓൾറൗണ്ടർ രമൺദീപ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

പിന്നാലെ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ രമൺദീപിനെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയെ കൂടാതെ ടീമിലുള്ള ഏക പേസ് ബൗളിങ് ഓൾറൗണ്ടറാണ് രമൺദീപ്.

പരുക്കേറ്റ ശിവം ദുബെയും ഓസ്ട്രേലിയൻ പര്യടനത്തിനു തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ റെഡ്ഡിയും ദക്ഷിണാഫ്രിക്കയിലേക്കു പോകില്ല. എമർജിങ് ഏഷ്യ കപ്പ് കളിച്ച തിലക് വർമയും അഭിഷേക് ശർമയും കൂടി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുന്നു. ഇരുവരും മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

എമർജിങ് ഏഷ്യ കപ്പിലെ മറ്റൊരു ഞെട്ടിക്കുന്ന സെമി ഫൈനലിൽ പാക്കിസ്ഥാൻ എ ടീമും (പാക്കിസ്ഥാൻ ഷഹീൻസ്) തോറ്റു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ. 16.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക എ ടീം ലക്ഷ്യം നേടി.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി