ഓസ്ട്രേലിയയുടെ അവസാന വിക്കറ്റ് സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റ്യുവർട്ട് ബ്രോഡിന്‍റെ ആഹ്ളാദ പ്രകടനം. 
Sports

ആഷസ് ആവേശം: അവസാന ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചു

അന്താരാഷ്ട്ര കരിയറിൽ നേരിട്ട അവസാന പന്തിൽ സിക്സറും, എറിഞ്ഞ അവസാന പന്തിൽ വിക്കറ്റും എന്ന അത്യപൂർവ നേട്ടവുമായി സ്റ്റ്യുവർട്ട് ബ്രോഡ് വിടവാങ്ങി

ഓവൽ: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ആഷസ് ടെസ്റ്റ് പരമ്പരകളിലൊന്ന്, രണ്ട് വീതം ജയങ്ങളുമായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും പൂർത്തിയാക്കി. നിലവിലുള്ള ജേതാക്കളെന്ന നിലയിൽ ഓസ്ട്രേലിയ ട്രോഫി നിലനിർത്തുകയും ചെയ്തു.

ജയ പരാജയ സാധ്യതകൾ മാറിമറിഞ്ഞ അവസാന ടെസ്റ്റിൽ 49 റൺസ് വിജയം കുറിച്ചാണ് ഇംഗ്ലണ്ട് പരമ്പര 2-2 സമനിലയിൽ അവസാനിപ്പിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ശേഷമായിരുന്നു അവിശ്വസനീയമായ ഈ തിരിച്ചുവരവ്.

മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ജയ സാധ്യത മഴയിൽ മുങ്ങിയപ്പോൾ തന്നെ ഓസ്ട്രേലിയ ട്രോഫി നിലനിർത്തുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, പരമ്പര ജയിക്കാതെ നിലനിർത്തിയ ട്രോഫിക്ക് മാറ്റ് കുറയും.

അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ജയ സാധ്യതയുണ്ടായിരുന്നിട്ടും നാടകീയമായ ബാറ്റിങ് തകർച്ച അവരെ അതിൽനിന്ന് അകറ്റി. 2001ലാണ് ഓസ്ട്രേലിയ അവസാനമായി ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്.

384 റൺസ് വിജയലക്ഷ്യം മുന്നിൽക്കണ്ടിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാർനറും (60) ഉസ്മാൻ ഖവാജയും (72) ചേർന്ന് 140 റൺസിന്‍റെ ഒന്നാന്തരം അടിത്തറയാണ് പാകിയത്. പക്ഷേ, സ്റ്റീവൻ സ്മിത്തിനും (54) ട്രാവിസ് ഹെഡ്ഡിനും (43) മികച്ച തുടക്കങ്ങൾ മുതലാക്കാൻ കഴിയാതെ പോകുകയും, തുടർന്നുവന്ന ബാറ്റർമാരെല്ലാം നിലയുറപ്പിക്കും മുൻപേ മടങ്ങുകയും ചെയ്തതോടെ വിജയം ഇംഗ്ലിഷ് പക്ഷത്തായി.

ഓസ്ട്രേലിയയുടെ അവസാന രണ്ടു വിക്കറ്രുകൾ സ്വന്തമാക്കിക്കൊണ്ട് ഇംഗ്ലിഷ് പേസർ സ്റ്റ്യുവർട്ട് ബ്രോഡ് തന്‍റെ അവസാന അന്താരാഷ്ട്ര മത്സരം അവിസ്മരണീയമാക്കുകയും ചെയ്തു. ആഷസിൽ ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ബ്രോഡ്, ടെസ്റ്റ് ക്രിക്കറ്റിൽ 604 വിക്കറ്റുമായാണ് വിരമിക്കുന്നത്. അന്താരാഷ്ട്ര കരിയറിൽ നേരിട്ട അവസാന പന്തിൽ സിക്സറും, എറിഞ്ഞ അവസാന പന്തിൽ വിക്കറ്റും എന്ന അത്യപൂർവ നേട്ടവുമായാണ് ബ്രോഡ് വിടവാങ്ങുന്നത്.

രണ്ടാമിന്നിങ്സിൽ 4 വിക്കറ്റ് ഉൾപ്പെടെ മത്സരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലിഷ് പേസ് ബൗളർ ക്രിസ് വോക്ക്സാണ് പ്ലെയർ ഓഫ് ദ മാച്ച്. വോക്സും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരം പങ്കുവച്ചു.

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്

സമരത്തിന് പിന്നാലെ പണമെത്തി: 108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി

ചെന്നൈയിൽ യുവാവ് ഡോക്റ്ററെ കുത്തിവീഴ്ത്തി; കുത്തിയത് 7 തവണ !

ഓടയിൽ വീണ് വിദേശി പരുക്കേറ്റ സംഭവം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി