ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2023-24 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. ആദ്യമത്സരം നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്ഥാനക്കയറ്റം ലഭിച്ചുവന്ന ബേണ്‍ലിയും തമ്മിലാണ്. ഓഗസ്റ്റ് 11ന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. ബേണ്‍ലിയുടെ മാനെജര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ ഇതിഹാസതാരം വിന്‍സന്റ് കോംപാനിയാണ്.
ഓഗസ്റ്റ് 12നു നടക്കുന്ന മത്സരത്തില്‍ ആഴ്സണല്‍ നോക്കിങ്ങാമിനെയും ന്യൂകാസില്‍ ആസ്റ്റണ്‍വില്ലയെയും നേരിടും. ആദ്യ ആഴ്ചയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ഓഗസ്റ്റ് 13 വൈകിട്ട് ഒമ്പതിനു നടക്കുന്ന ചെല്‍സി- ലിവര്‍പൂള്‍ പോരാട്ടമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യമത്സരം ഓഗസ്റ്റ് 14-ാം തീയതി വുള്വ്സിനെതിരേയാണ്. പ്രീമിയര്‍ ലീഗിനു മുന്നോടിയായുള്ള കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടം ഓഗസ്റ്റ് ആറിനു നടക്കും. പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനത്തെത്തിയ ആഴ്സണലും തമ്മിലാണ് പോരാട്ടം.
പ്രീമിയര്‍ ലീഗ് ജേതാക്കളും എഫ്എ കപ്പ് ജേതാക്കളും തമ്മിലുള്ള പോരാട്ടമാണ് കമ്യൂണിറ്റി ഷീല്‍ഡ്. ഇരുടീമുകളും ഒരേ ടീമുകളാണെങ്കില്‍ പ്രീമിയര്‍ ലീഗിലെ റണ്ണറപ്പുകളാകും എതിരാളികളായി വരിക. വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തെത്തിയ ആഴ്സണലുമായി എതിരിടും. കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിനു മുമ്പ് തന്നെ വിവിധ താരങ്ങളുടെ കൈമാറ്റവും വാങ്ങലുമൊക്കെ പൂര്‍ത്തിയാക്കാനാണ് ക്ലബ്ബുകളുടെ ശ്രമം.
ഓഗസ്റ്റ് 12 ശനിയാഴ്ച പ്രീമിയര്‍ ലീഗ് തുടങ്ങി 2024 മേയ് 19ന് അവസാനിക്കത്തക്ക രീതിയിലാണ് ഇത്തവണത്തെ പ്രീമിയര്‍ ലീഗ് മത്സരക്രമം തയാറാക്കിയിരിക്കുന്നത്. ബേണ്‍ലി, ഷെഫീല്‍ഡ് യുണൈറ്റഡ് എന്നീ രണ്ടു ടീമുകളാണ് ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് എത്തിയിരിക്കുന്നവര്‍. മത്സരക്രമം ഇന്നു രാത്രി പ്രഖ്യാപിക്കും.
പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇന്നലെ തുറക്കുകയുണ്ടായി. സെപ്റ്റംബര്‍ ഒന്നിനാണ് ജാലകം അടയ്ക്കുന്നത്. സ്പാനിഷ് ലാ ലിഗയുടെ കിക്കോഫ് ഓഗസ്റ്റ് 12നു തന്നെയാണ്. ഫ്രഞ്ച് ലീഗ് ഒന്നും അന്നേ ദിവസം തുടങ്ങും. ജര്‍മന്‍ ബുണ്ടസ് ലീഗയിക്ക് ഓഗസ്റ്റ് 18നും സീരീ എയ്ക്ക് ഓഗസ്റ്റ് 19നും തുടക്കമാകും.
ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേഡ് ഡ്രോ ഓഗസ്റ്റ് 31നു നടക്കും. ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് സെപ്റ്റംബര്‍ 19നു തുടക്കമാകും. അതിനു മുമ്പ് യോഗ്യതാ റൗണ്ടുകള്‍ നടക്കാനുണ്ട്. 2024 ജൂണ്‍ ഒന്നിനാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍. യൂറോപ്പ ലീഗിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ സെപ്റ്റംബര്‍ 21ന് നടക്കും. ഫൈനല്‍ 2024 മേയ് 22നും.