ലണ്ടന്‍: ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമുകളുടെ പാത പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കു നല്‍കുന്ന അതേ മാച്ച് ഫീ നല്‍കാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) തീരുമാനിച്ചു. വനിതകളുടെ ആഷസ് സീരിസ് മത്സരങ്ങളില്‍ സ്റ്റേഡിയം നിറയെ കാണികള്‍ എത്തിയതോടെയാണ് പുരുഷ താരങ്ങള്‍ക്ക് നല്‍കുന്ന അതേ മാച്ച് ഫീ നല്‍കാന്‍ തീരുമാനമായത്. വനിതാ ആഷസ് സീരിസ് കാണാന്‍ 110,000 പേരാണ് എത്തിയത്. വനിതകളുടെ മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളാണ് നടന്നതെന്ന് വനിതാ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് പറഞ്ഞു. ഓസ്‌ട്രേലിയയുമായിട്ടായിരുന്നു പരമ്പര മത്സരങ്ങള്‍ നടത്തിയത്.
ശ്രീലങ്കയുമായി അടുത്ത് നടക്കാന്‍ പോകുന്ന മത്സരങ്ങളില്‍ തന്നെ ഫീസ് വര്‍ധന നടപ്പാക്കും. ആഷസ് പരമ്പരയിലെ കാണികള്‍ വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് ഇസിബി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ റിച്ചാര്‍ഡ് ഗൗള്‍ഡ് പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും കായികമേഖലയിലെ വളര്‍ച്ചയ്ക്ക് മുഖ്യപരിഗണനയാണ് നല്‍കുന്നത്.
അതിനായി വരും വര്‍ഷങ്ങളിലും കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ കായിക ഇനങ്ങള്‍ കാണാന്‍ ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളില്‍ ഇപ്പോള്‍ തിരക്കാണ്. ഇക്കഴിഞ്ഞ ലോകകപ്പ് വനിതാ ഫുട്‌ബോള്‍ കാണാന്‍ വലിയ രീതിയില്‍ കാണികള്‍ ഒഴുകിയെത്തിയിരുന്നു.