ബെംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലെ പരാജയത്തിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോലിക്ക് പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനമാണ് കോലിക്ക് പിഴയിട്ടിരിക്കുന്നത്. ചെന്നൈ താരം ശിവം ദുബെയുടെ വിക്കറ്റ് വീണപ്പോള്‍ കോലി ആഘോഷിച്ച രീതിയാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
പിഴയുടെ കാരണത്തെക്കുറിച്ച് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം മത്സരം എട്ട് റണ്‍സിനാണ് ചെന്നൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഡെവോണ്‍ കോണ്‍വെ (83), ശിവം ദുബെ (52), അജിങ്ക്യ രഹാനെ (37) എന്നിവരുടെ ഇന്നിങ്സ് മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (62), ഗ്ലെന്‍ മാക്സ്വെല് (76) എന്നിവരിലൂടെ ആര്‍സിബി തിരിച്ചടിച്ചെങ്കിലും ഇരുവരും പുറത്തായതോടെ കളി കൈവിടുകയായിരുന്നു. വിരാട് കോലിക്കും (6) തിളങ്ങാനായില്ല.