കൊച്ചി: ഫെബ്രുവരി 11ന് നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട് അനാവരണം ചെയ്തു. 42.195 കിലോമീറ്റർ മാരത്തണ്‍, 21.097 കിലോമീറ്റർ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റർ, 3 കിലോമീറ്റർ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ ഇത്തവണ ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 1.3 കിലോമീറ്റര്‍ സ്പെഷ്യല്‍ റണ്‍ നടക്കും. വേള്‍ഡ് അത്ലറ്റിക്സ് അംഗീകൃത റൂട്ടിലാണ് മാരത്തണ്‍ നടക്കുക.
മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഫ്ളാഗ് ഓഫ് ചെയ്യും. എംജി റോഡ് വഴി തേവര ജംഗ്ഷന്, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷനില്‍ നിന്നും ചാത്യാത് വാക്ക് വേ വഴി തിരിഞ്ഞ് ഗോശ്രീ പാലം കയറി കണ്ടയിനര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കണ്ടയിനര്‍ റോഡ് വഴി മറൈന്‍ ഡ്രൈവ്, ഫോര്‍ഷേര്‍ റോഡ്, ഹോസ്പിറ്റല്‍ റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിക്കും.
ഹാഫ് മാരത്തണ്‍ രാവിലെ 5 മണിക്കും, 10 കി മീ മാരത്തണ്‍ 6 മണിക്കും, 3 കിമീ ഗ്രീന്‍ റണ്‍ 7 മണിക്കും, 1.3 കിലോ മീറ്റര്‍ സ്പെഷ്യല്‍ റണ്‍ 7.30നും ആരംഭിക്കും.
പത്തിലേറെ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയിലെ ഇരുപതിലേറെ സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച അത്ലറ്റുകളുടെ സാന്നിധ്യം കൊണ്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ അന്തര്‍ ദേശീയ ഇവന്റായി മാറുമെന്ന് റേസ് ഡയറക്ടര്‍ ശബരി നായര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധ നേടുമെന്ന് ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍.
പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക. മാരത്തണ്‍ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ഹോള്‍ഡിംഗ് ഏരിയയില്‍ ബേസ് മെഡിക്കല്‍ ക്യാമ്പും മാരത്തണ്‍ റൂട്ടില്‍ ആറ് മെഡിക്കല്‍ സ്റ്റേഷനുകളും സജ്ജീകരിക്കുമെന്ന് ആസ്റ്റര്‍ മെഡിസിറ്റി എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. ഹരി പറഞ്ഞു.
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രതിനിധികള്‍ സ്റ്റാര്‍ട്ട്, ഫിനിഷ് ലൈനുകളും യു ടേണുകളിലും ഔദ്യോഗികമായി നിരീക്ഷിക്കും. ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍മാരായ അനീഷ് കെ. പോള്‍, ബൈജു പോള്‍, എം.ആര്.കെ. ജയറാം, ശബരി നായര്‍ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍, കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന് പ്രതിനിധി സോളമന് ആന്റണി, കോഴ്സ് ഡയറക്ടര്‍ അമീര്‍ ശാന്തിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.