സൂറിച്ച്: ഗ്യാലറിയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതിനു പിന്നാലെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനും ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷനുമെതിരേ അച്ചടക്ക നടപടികളുമായി ഫിഫ. ഇരു ടീമുകളും ഫിഫയുടെ നിയമത്തിലെ 17.2, 14.5 കോഡുകള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്‍റീനയും ബ്രസീലും തമ്മില്‍ മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഇരു രാജ്യങ്ങളുടെയും ആരാധകര്‍ തമ്മില്‍ കൈയാങ്കളിയിലെത്തിയിരുന്നു. അർജന്‍റൈൻ ആരാധകര്‍ മത്സരം വൈകിക്കാന്‍ വേണ്ടി അക്രമം അഴിച്ചുവിട്ടെന്നാണ് അർജന്‍റീന അസോസിയേഷനെതിരേ പരിഗണിക്കുന്ന നടപടിക്കു കാരണമായി പറയുന്നത്. അക്രമം നടന്നിട്ടും അതു നിയന്ത്രിക്കാന്‍ ഇടപെട്ടില്ലെന്നതാണ് ബ്രസീല്‍ ഫെഡറേഷനെതിരായ കുറ്റം.
മത്സരത്തിന്‍റെ തുടക്കത്തില്‍ ദേശീയ ഗാനത്തിനായി ഇരു ടീമുകളുടേയും താരങ്ങള്‍ മൈതാനത്ത് അണിനിരന്നപ്പോഴായിരുന്നു ഇരു ടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടിയത്. ലയണൽ മെസി അടക്കമുള്ള അര്‍ജന്‍റീന താരങ്ങള്‍ ആരാധകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അര്‍ജന്‍റീന താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു മടങ്ങി.
പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയതിന് പിന്നാലെ അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് മത്സരം അർജന്‍റീന ജയിച്ചു. അതേസമയം, അർജന്‍റീന ആരാധകരെ പൊലീസ് തെരഞ്ഞെടുപിടിച്ച് മർദിക്കുകയായിരുന്നു എന്നാണ് അർജന്‍റീനയുടെ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്.