മയാമി: തന്‍റെ കരിയറിലെ അവസാനത്തെ ക്ലബ് ഇന്‍റർ മയാമി ആയിരിക്കുമെന്ന് അർജന്‍റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. കഴിഞ്ഞ സീസണിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിൽ നിന്ന് മെസി യുഎസ് മേജർ ലീഗ് സോക്കർ ടീമായ ഇന്‍റർ മയാമിയിലേക്കു മാറിയത്. 2025 വരെയാണ് അദ്ദേഹത്തിന് ക്ലബ് നൽകിയിരിക്കുന്ന കരാർ.
ഫുട്ബോളിനോടുള്ള പ്രണയം നിലനിൽക്കുമ്പോഴും, കരിയർ അവസാനിപ്പിക്കുന്ന ദിവസത്തെക്കുറിച്ചോർത്ത് തനിക്ക് ഇപ്പോഴേ ആശങ്കയുണ്ടെന്നും, കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിനു മുന്നോടിയായി നൽകിയ അഭിമുഖത്തിൽ മുപ്പത്താറുകാരൻ വെളിപ്പെടുത്തി.
''ഫുട്ബോൾ ഉപേക്ഷിക്കാൻ ഞാൻ തയാറായിട്ടില്ല. ജീവിതകാലം മുഴുവൻ ഞാൻ ഫുട്ബോൾ കളിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പരിശീലനവും മത്സരങ്ങളുമെല്ലാം ഞാൻ ആസ്വദിക്കുന്നു. പക്ഷേ, ഒരിക്കൽ എല്ലാം അവസാനിപ്പിക്കേണ്ടി വരും'', മെസി പറഞ്ഞു.
നിലവിൽ അർജന്‍റീനയുടെ ക്യാപ്റ്റനായി തുടരുന്ന മെസി, കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ ടീമിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ്.
ജൂൺ 20ന് യുഎസിലാണ് കോപ്പ അമേരിക്ക തുടങ്ങുന്നത്. ഉദ്ഘാടന ദിവസം തന്നെ അർജന്‍റീന ആദ്യ മത്സരത്തിനിറങ്ങും, ക്യാനഡയാണ് ആദ്യ എതിരാളികൾ. ജൂൺ 25ന് ചിലിയെയും നാലു ദിവസത്തിനു ശേഷം പെറുവിനെയും നേരിടും. കടുപ്പമേറിയ ഗ്രൂപ്പ് എയിലാണ് അർജന്‍റീന ഉൾപ്പെട്ടിരിക്കുന്നത്.