കെ.എൽ. രാഹുലിനെപ്പോലെ പ്രതിഭാധനനായൊരു ബാറ്റർ ലോകത്ത് വേറെ ഏതു രാജ്യത്തിനുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഓപ്പണറാകാനും മൂന്നാം നമ്പറിൽ കളിക്കാനും ആറാം നമ്പറിൽ വരെ ഇറങ്ങാനും കഴിയുന്ന ബാറ്ററാണ് രാഹുലെന്നും, അതിന് പ്രത്യേക പ്രതിഭ തന്നെ ആവശ്യമാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചില്ലെങ്കിൽ രാഹുൽ ഓപ്പണറായേക്കുമെന്നും ഗംഭീർ സൂചന നൽകി. ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ മെന്‍ററായി ഗംഭീർ പ്രവർത്തിക്കുമ്പോൾ ടീം ക്യാപ്റ്റൻ രാഹുൽ ആയിരുന്നു. താൻ മാർഗനിർദേശം നൽകിയ ഐപിഎൽ ടീമുകളിലെ അംഗങ്ങളോട് ഗംഭീറിന് പക്ഷപാതമുണ്ടെന്ന് ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച പലരെയും ട്വന്‍റി20 പ്രകടനത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ ദേശീയ ടീമിലേക്ക് ഗംഭീർ ശുപാർശ ചെയ്യുന്നു എന്നാണ് ആരോപണം.
ഓസ്ട്രേലിയ എ ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീമിനു വേണ്ടി രാഹുലിനെ ഓപ്പണറായി ഇറക്കിയിരുന്നു. എന്നാൽ, രാഹുലം സഹ ഓപ്പണർ അഭിമന്യു ഈശ്വരനും സമ്പൂർണ പരാജയമായി. ഇതോടെയാണ് രോഹിത് കളിച്ചില്ലെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം ആര് ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന ചർച്ച സജീവമായത്.
ഓപ്പണിങ്ങിൽ സ്ഥിരമായി ഫോം മങ്ങിയതിനെത്തുടർന്ന് മധ്യനിരയിലേക്കു മാറിയ രാഹുൽ അവിടെ ഇടമുറപ്പിക്കാനുള്ള സാധ്യതകൾക്കിടെയാണ് ഓപ്പണിങ്ങിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്‍റ് വീണ്ടും ആലോചിക്കുന്നത്. റിസർവ് ഓപ്പണറായി അഭിമന്യു ഈശ്വരനും ടീമിലുണ്ട്. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി നടത്തിയ സ്ഥിരതയാർന്ന പ്രകടനങ്ങൾ ഇന്ത്യ എ ടീമിനു വേണ്ടി ഓസ്ട്രേലിയയിൽ ആവർത്തിക്കാൻ അഭിമന്യുവിനും സാധിച്ചിരുന്നില്ല.
ശുഭ്‌മൻ ഗില്ലാണ് ഓപ്പണറായി പരീക്ഷിക്കപ്പെടാൻ സാധ്യതയുള്ള മറ്റൊരു ബാറ്റർ. ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഓപ്പണിങ് റോളിലായിരുന്നു ഗില്ലിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. സീനിയർ ടീമിൽ ഇല്ലാത്ത ഋതുരാജ് ഗെയ്ക്ക്വാദ്, സായ് സുദർശൻ എന്നിവരാണ് ദീർഘകാലാടിസ്ഥാനത്തിൽ പരിഗണിക്കപ്പെടാൻ സാധ്യതയുള്ള മറ്റു രണ്ട് ഓപ്പണർമാർ.
അതേസമയം, ആദ്യ ടെസ്റ്റിൽ രോഹിത് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ രോഹിത് ഒരു ടെസ്റ്റിൽ നിന്നു വിട്ടു നിന്നേക്കുമെന്നാണ് സൂചന. രോഹിത് ഇല്ലെങ്കിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാകും ടീമിനെ നയിക്കുക എന്നും ഗംഭീർ വ്യക്തമാക്കി.
ലോകത്തെ തന്നെ ഏറ്റവും വേഗവും ബൗൺസുമുള്ള പെർത്തിലാണ് ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ്. നവംബർ 22ന് മത്സരം ആരംഭിക്കും.