#സ്പോര്‍ട്സ് ലേഖകന്‍
ഇന്ത്യന്‍ ഫുട്ബോളിന് ഇത് അക്ഷരാര്‍ഥത്തില്‍ സുവര്‍ണകാലമാണ്. പരിമിതികള്‍ക്കുള്ളില്‍നിന്ന് പോരാടിയ സുനില്‍ ഛേത്രിയും സംഘവും രണ്ട് കിരീടങ്ങളാണ് സമീപകാലത്ത് നേടിയത്. സാഫ് കപ്പും ഇന്റര്കോണ്ടിനെന്റര് കപ്പും. ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഫെനലില്‍ ലെബനനെ 2-0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയതെങ്കില്‍ സാഫ് ഫുട്ബോളില്‍ കുവൈറ്റിനെതിരേ ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ ജയം. സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിന്റെ ഷബീബ് അല്‍ ഖാല്‍ദിയാണ് ഇന്ത്യയുടെ വലകുലുക്കിയ ഏക താരം. ഇന്ത്യയുടെ ഗോള്‍ വലക്കുമുന്നില്‍ ഗുര്‍പ്രീത് സിങ് സന്ധുവെന്ന ഗോള്‍ കീപ്പര്‍ തലയുയര്‍ത്തി നില്ക്കുന്നു. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ സമീപകാല വിജയങ്ങളില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് പറയാം.
ലോകറാങ്കിങ്ങില്‍ ഇപ്പോള്‍ 100-ാം സ്ഥാനത്താണെങ്കിലും പുതുക്കുന്ന റാങ്കിങ്ങില്‍ കുറച്ചുകൂടി മെച്ചപ്പെട്ട റാങ്കിലേക്ക് ടീം ഇന്ത്യ എത്താം. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയന്‍സുവാല ചാംഗ്തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗ് കിക്ക് പാഴാക്കി. എങ്കിലും സഡന്‍ ഡത്തിലെ കുവൈത്തിന്റെ ആദ്യ കിക്ക് ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു. സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്.
14ാം മിനിറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെ കുവൈത്ത് മുന്നിലെത്തിയപ്പോള്‍ 38-ാം മിനുറ്റില്‍ ലാലിയന്‍സുവാല ചാംഗ്തേയിലൂടെ ഇന്ത്യ തുല്യത പിടിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അസിസ്റ്റിലായിരുന്നു ചാംഗ്തേയുടെ ഗോള്‍. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയന് തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. പിന്നീട് സുനില്‍ ഛേത്രിയില്‍ നിന്ന് പന്ത് വാങ്ങിയ സഹല്‍, ചാംഗ്തേയ്ക്ക് മറിച്ച് നല്കി. അവസാന നിമിഷങ്ങളില്‍ ഇരുടീമിനും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ഗോളിലേക്ക് വഴിതിരിച്ച് വിടാന്‍ ഇരുടീമുകളിലെയും പ്രധാന താരങ്ങള്‍ക്കായില്ല. ഇതോടെ മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടു. അവിടെയും കാര്യമായൊന്നും സംഭവിച്ചില്ല.
താരം ഛേത്രി തന്നെ
ഇന്റര്‍ കോണ്ടിനെന്റല് കപ്പിലും സാഫ് കപ്പിലും തിളങ്ങിയ താരം ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രി തന്നെ. 38ാം വയസിലും സുനില്‍ ഛേത്രി തന്റെ മികവ് തുടരുന്നു. മഹേഷ് സിങ്, സഹല്‍ അബ്ദുല്‍ സമദ്, ഉദാന്ത സിങ്, ലാലിന്‍സ്വാല ചാങ്തെ എന്നിവരെല്ലാം ഛേത്രിക്ക് മികച്ച പിന്തുണയുമായി രംഗത്തുണ്ട്.ജൂണ്‍ മാസം ആരംഭിക്കുമ്പോള്‍ 85 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രിയുടെ പേരിലുണ്ടായിരുന്നത്. സാഫ് കപ്പ് അവസാനിക്കുമ്പോള്‍ അത് 92 ഗോളുകളാണ്. സാഫ് കപ്പിലെ മികച്ച താരത്തിനുള്ള അവാര്‍ഡും ഗോള്‍ഡന്‍ ബൂട്ടും ഛേത്രിക്കു തന്നെ. അഞ്ച് ഗോളുകളാണ് ഛേത്രി നേടിയത്. ഫെയര്‍പ്ലേ അവാര്‍ഡ് നേപ്പാളിന് ലഭിച്ചപ്പോള്‍ ബെസ്റ്റ് ഗോള്‍കീപ്പര്‍ പുരസ്കാരം ബംഗ്ലാദേശ് ഗോള്‍കീപ്പര്‍ അനിസുര്‍ റഹ്മാന് സിക്കോയ്ക്കാണ് ലഭിച്ചത്.
പരിശീലകന് ഇഗോര്‍ സ്റ്റിമാക്കിന്റെ പരീക്ഷണങ്ങള്‍ ഫലം ചെയ്തെന്നു വേണം കരുതാന്‍.കഴിഞ്ഞ ഒരു മാസത്തിലെ ഒമ്പത് മത്സരങ്ങള്‍ക്കിടെ 22 താരങ്ങളെയാണ് അദ്ദേഹം പരീക്ഷിച്ചത്. മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചു. മലയാളികളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കുരുണിയനും മികച്ച പ്രകടനം പുറത്തെടുക്കുന്നത് അഭിമാനകരമാണ്.
ഇന്ത്യക്ക് കിട്ടിയത് വെറും 41 ലക്ഷം രൂപ
ബംഗളൂരു: സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക 41 ലക്ഷം രൂപ മാത്രമാണ്. റണ്ണറപ്പുകളായ കുവൈത്തിന് ലഭിക്കുന്നത് വെറും 20 ലക്ഷവും. ക്രിക്കറ്റില്‍നിന്നു ലഭിക്കുന്നതിന്റെ നാലിലൊന്ന് തുക പോലും ഫുട്ബോളിലെ നേട്ടത്തിലൂടെ ഇന്ത്യന്‍ ടീമിനു ലഭിക്കുന്നില്ല. 41 ലക്ഷം എന്നു പറയുമ്പോള്‍ ഒരു താരത്തിന് മൂന്ന് ലക്ഷം രൂപ പോലും പ്രതിഫലമായി ലഭിക്കില്ലെന്ന് അര്‍ഥം. ഏഷ്യയില്‍ ക്രിക്കറ്റിന് ലഭിക്കുന്നതിന്റെ നാലിലൊന്ന് പിന്തുണ പോലും ഫുട്ബോളിനില്ല എന്നതും വാസ്തവമാണ്. ഐപിഎല്ലില്‍ ഒരു സീസണിലെ കിരീടം നേടുമ്പോള്‍ ലഭിക്കുന്നത് കോടികളാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ചാംപ്യന്മാരായപ്പോള് അവര്‍ക്ക് ലഭിച്ചത് 20 കോടി രൂപയാണ്. റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിന് 12.5 കോടിയും ലഭിച്ചു. എന്നാല്‍ ഏഷ്യയിലെ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് 50 ലക്ഷം പോലും സമ്മാനത്തുകയായി നല്കാന് ഇവിടുത്തെ ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്ക് സാധിക്കുന്നില്ല എന്നത് നമ്മുടെ ദയനീയാവസ്ഥ ചൂണ്ടിക്കാണിക്കുന്നു.