അഡ്‌ലെയ്ഡ്: ഓസ്ട്രലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു.
ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 26.3 ഓവറിൽ ഓസ്ട്രേലിയയെ 163 റൺസിന് പുറത്താക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് കളിയിലെ താരം. 8 ഓവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്താണ് ഹാരിസ് റൗഫ് 5 വിക്കറ്റ് വീഴ്ത്തിയത്.
റൗഫിന് പുറമെ ഷഹീൻ ഷാ അഫ്രീദി 3 വിക്കറ്റും മുഹമ്മദ് ഹസ്നൈനും നസീം ഷായും ഓരോ വിക്കറ്റ് വീഴ്ത്തി. 35 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണിങ് ബാറ്റർമാരായ സയിം അയൂബും, അബ്ദുല്ല ഷെഫീക്കും ചേർന്ന് ആദ‍്യ വിക്കറ്റിൽ 137 റൺസ് അടിച്ചുകൂട്ടി. 64 റൺസെടുത്ത് ഷഫീക് പുറത്താവാതെ നിന്നു. 71 പന്തിൽ നിന്ന് 82 റൺസെടുത്തു സയിം അയൂബ്. 6 സിക്സറുകളും 5 ഫോറും അടങ്ങുന്നതായിരുന്നു സയിമിന്‍റെ ഇന്നിങ്സ്. പിന്നീട് വന്ന ബാബർ അസം 15 റൺസെടുത്ത് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.
തകർച്ചയോടെയായിരുന്നു ഓസ്ട്രേലിയയുടെ ബാറ്റിങ്ങ്. സ്കോർ 21 റൺസ് എത്തിയപ്പോഴേക്കും ജേക്ക് ഫ്രേസർ മക്ഗുർക് (13) പുറത്തായി. പിന്നീട് വന്ന മാത‍്യൂ ഷോർട്ടിനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല (19) റൺസെടുത്ത് മടങ്ങുകയായിരുന്നു. സ്മിത്ത്- ജോഷ് ഇൻഗ്ലിസ് സഖ‍്യം നേരിയ പ്രതീക്ഷ നൽകിയെങ്കിലും കാര‍്യമുണ്ടായില്ല. 18 റൺസിൽ ജോഷിനെ ഹാരിസ് പുറത്താക്കുകയായിരുന്നു. സ്മിത്തിനെ മുഹമ്മദ് ഹസ്നൈനും പുറത്താക്കി.
പിന്നീട് വന്നവർക്ക് ഹാരിസിന്‍റെ പേസിൽ പിടിച്ച് നിൽക്കാനായില്ല. മർനസ് ലബുഷെയ്ൻ (6), ആരോൺ ഹാർഡി (14), ഗ്ലെൻ മാക്സ്‌വെൽ (16), പാറ്റ് കമ്മിൻസ് (13) എന്നിവരെയാണ് ഹാരിസ് പുറത്താക്കിയത്. ആഡം സാംപ നേടിയ 18 റൺസാണ് ഓസീസിനെ 150 എന്ന നിലയിൽ എത്തിച്ചത്. മിച്ചൽ സ്റ്റാർക്കിനെ നസീം ഷായാണ് പുറത്താക്കിയത് (1), ജോഷ് ഹേസൽവുഡ് (2) റൺസെടുത്ത് പുറത്താവാതെ നിന്നു.