England and Tottenham star Harry Kane 
Sports

'ആചാര ലംഘനം'‌: പന്ത് ഹാരി കെയ്ന്‍റെ കോർട്ടിൽ

ലണ്ടൻ: ടോട്ടനം ഹോട്ട്സ്പറിന്‍റെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നെ ജർമൻ ലീഗ് ചാംപ്യൻമാരായ ബയേൺ മ്യൂണിക്കിനു കൈമാറാൻ ധാരണയായെന്ന് സൂചന. എന്നാൽ, കെയ്ന്‍റെ അന്തിമ തീരുമാനം അനുസരിച്ചു മാത്രമായിരിക്കും ഇതു നടപ്പാക്കുക.

11 കോടി ഡോളറിന്‍റെ കൈമാറ്റ കരാറാണ് ധാരണയായിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, ഇരു ക്ലബ്ബുകളും ഇതു സ്ഥിരീകരിച്ചിട്ടില്ല, നിഷേധിച്ചിട്ടുമില്ല. കെയ്നെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ടോട്ടനം അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, സമീപ ദിവസങ്ങളിൽ ബയേൺ അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു.

ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റൻ കൂടിയായ കെയ്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിലെ ഗോൾ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്- 213 ഗോളുകൾ. ടോട്ടനവുമായുള്ള അദ്ദേഹത്തിന്‍റെ കരാർ ഈ വർഷം അവസാനിക്കുകയാണ്. അതിനാൽ, ക്ലബ്ബുകൾ തമ്മിലുള്ള ധാരണയനുസരിച്ച് വേണമെങ്കിൽ ബയേണിലേക്കു മാറാം. അല്ലെങ്കിൽ ടോട്ടനത്തിൽ തുടർന്ന ശേഷം അടുത്ത വർഷം ഫ്രീ ഏജന്‍റായി ഇഷ്ടമുള്ള ക്ലബ് തെരഞ്ഞെടുക്കാം. എന്നാൽ, ആ സമയത്ത് ഫോമിനെ അടിസ്ഥാനമാക്കിയാവും അപ്പോഴത്തെ ഡിമാൻഡ് എന്നതിനാൽ കെയ്ൻ ഇപ്പോൾ തന്നെ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കേണ്ടി വരും.

ഈ സീസണിൽ തന്നെ കെയ്നെ കൈമാറിയാൽ മാത്രമേ ആ ഇനത്തിൽ പണമുണ്ടാക്കാൻ ടോട്ടനത്തിനും സാധിക്കൂ. കരാർ അവസാനിച്ചു കഴിഞ്ഞാൽ കെയ്ൻ ഏതു ക്ലബ്ബിൽ ചേർന്നാലും ടോട്ടനത്തിന് അതിൽനിന്നു പണമൊന്നും കിട്ടില്ല.

അതേസമയം, ബയേണിനെ സംബന്ധിച്ച് റോബർട്ട് ലെവൻഡോവ്സ്കി ക്ലബ് വിട്ട ശേഷം അതേ നിലവാരത്തിൽ മറ്റൊരു ഷാർപ്പ് ഷൂട്ടറെ കണ്ടെത്താൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കെയ്നു വേണ്ടി വല വീശിയിരിക്കുന്നത്. രണ്ടു വർഷം മുൻപ് 41 ഗോളുമായി ലെവൻഡോവ്സ്കി ജർമൻ ലീഗിൽ റെക്കോഡ് സൃഷ്ടിച്ച സ്ഥാനത്ത്, കഴിഞ്ഞ വർഷം 14 ഗോളടിച്ച സെർജി ഗ്നാബ്രി ആയിരുന്നു ലീഗിലെ ടോപ് സ്കോറർ!

ഒരു വർഷം മുൻപ് ലിവർപൂളിൽ നിന്നു ടീമിലെത്തിയ സാദിയോ മാനെ ആയിരുന്നു പ്രീമിയർ ലീഗിൽ നിന്നു ബയേൺ നടത്തിയ അവസാനത്തെ ഹൈ പ്രൊഫൈൽ ട്രാൻസ്ഫർ. എന്നാൽ, മാനെ ബയേണിൽ പരാജയവുമായി.

ഇംഗ്ലീഷ് ലീഗിൽ തിളങ്ങി നിൽക്കുന്ന ഇംഗ്ലണ്ട് കളിക്കാർ പൊതുവേ മറ്റു രാജ്യങ്ങളിലെ ലീഗുകളിലേക്കു പോകാൻ തയാറാകില്ല. ഈ പതിവ് വച്ച്, കെയ്ൻ ജർമനിയിലേക്കു പോകാനാണ് തീരുമാനിക്കുന്നതെങ്കിൽ അതൊരു കീഴ്‌വഴക്കം തെറ്റിക്കലാകും. ഡേവിഡ് ബെക്കാം റയൽ മാഡ്രിഡിൽ ചേർന്ന ശേഷം ഇംഗ്ലണ്ടിന്‍റെ സ്ഥിരം ക്യാപ്റ്റൻമാരിൽ ഒരാൾ പോലും പ്രീമിയർ ലീഗിനു പുറത്ത് കളിക്കാൻ പോയിട്ടില്ല. റയൽ മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ങാം പരുക്കേറ്റ് പുറത്തായതിനാൽ ഇംഗ്ലണ്ട് അവസാനം കളിച്ച മിക്ക അന്തർദേശീയ മത്സരങ്ങളിലും പ്രീമിയർ ലീഗ് താരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

ഇതിനിടെ, മാഞ്ചസ്റ്റർ യുനൈറ്റഡും കെയ്ന്‍റെ ഏജന്‍റുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, കെയ്നു വേണ്ടി വൻ തുക മുടക്കുന്നതിനു പകരം യുവതാരം റാസ്മസ് ഹോയലൻഡിനെ ടീമിലെത്തിക്കുകയാണ് മാൻ യു മാനെജ്മെന്‍റ് ചെയ്തത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി