മൂന്നാം ജയം; ഇന്ത്യൻ വനിതകൾക്ക് ക്ലീൻ സ്വീപ്പ്
സ്മൃതി മന്ഥന 
Sports

മൂന്നാം ജയം; ഇന്ത്യൻ വനിതകൾക്ക് ക്ലീൻ സ്വീപ്പ്

ബംഗളൂരു: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾ 3-0 എന്ന നിലയിൽ തൂത്തുവാരി. മൂന്നാ‌മത്തെയും അവസാനത്തെയും മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പരമ്പരയിൽ ആകെ രണ്ടു സെഞ്ചുറി ഉൾപ്പെടെ 343 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയാണ് പരമ്പരയുടെ താരം. മൂന്നാം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മൃതി പത്ത് റൺസ് അകലെവച്ചാണ് മൂന്നാം മത്സരത്തിൽ പുറത്തായത്. മത്സരത്തിൽ 27 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ ദീപ്തി ശർമ പ്ലെയർ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. 57 പന്തിൽ 61 റൺസുമായി ക്യാപ്റ്റൻ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ലോറയും തസ്മിൻ ബ്രിറ്റ്സും (66 പന്തിൽ 38) ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് 102 റൺസും ചേർത്തു. ലോറയെ അരുന്ധതി റെഡ്ഡി സ്വന്തം ബൗളിങ്ങിൽ പിടിച്ച് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് തകർന്നു. തൊട്ടടുത്ത ഓവറിൽ തസ്മിൻ റണ്ണൗട്ടുമായി.

പിന്നാലെ മരിസാൻ കാപ്പ് (7), അന്നിക് ബോഷ് (5) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. 26 റൺസ് വീതം നേടിയ നദൈൻ ഡി ക്ലാർക്കും വിക്കറ്റ് കീപ്പർ മൈക്ക് ഡി റിഡ്ഡറുമാണ് പിന്നീട് ആകെ ഭേദപ്പെട്ട സംഭാവനകൾ നൽകിയത്.

ദീപ്തിക്കു പുറമേ അരുന്ധതിയും രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രേയാങ്ക പാട്ടീലും പൂജ വസ്ത്രകാറും ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. സ്മൃതിയും (90) ഷഫാലി വർമയും (39 പന്തിൽ 25) കൂട്ടിച്ചേർത്തത് 61 റൺസ്. പിന്നാലെ പ്രിയ പൂനിയയും (40 പന്തിൽ 28) സ്മൃതിക്ക് മികച്ച പിന്തുണ നൽകി. പ്രിയക്കു ശേഷം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ക്രീസിലെത്തിയതോടെ സ്കോറിങ്ങിനു വേഗം കൂടി. 48 പന്തിൽ 42 റൺസെടുത്ത ഹർമൻപ്രീത് റണ്ണൗട്ടാകുകയായിരുന്നു.

ജമീമ റോഡ്രിഗ്സ് 19 റൺസും വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ആറു റൺസും നേടി പുറത്താകാതെ നിന്നു.

വിളമ്പിയ കോഴിയിറച്ചിയിൽ പുഴു; അരലക്ഷം രൂപ പിഴയടക്കാൻ വിധി

ലക്ഷദ്വീപിലെ കുടുയൊഴിപ്പിക്കൽ: ഈ മാസം 19 വരെ ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ

വയനാട്ടിൽ 'ഓവർ' ടൂറിസമെന്ന് ടൂറിസം മന്ത്രി

'അനാവശ്യ കൈകടത്തല്‍ നടത്തുന്നു'; മസാലബോണ്ടില്‍ ഇഡിക്കെതിരെ കിഫ്ബി

കോട്ടയത്ത് പോക്സോ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ