മെൽബൺ: ഓസ്ട്രേലിയ എ ടീമിനെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ എയ്ക്ക് ബാറ്റിങ് തകർച്ച. സീനിയർ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു രോഹിത് ശർമ ഇല്ലാത്ത സാഹചര്യത്തിൽ കെ.എൽ. രാഹുലിനെ വീണ്ടും ഓപ്പണറായി പരിഗണിക്കുന്നതിന്‍റെ സൂചനകളും ഈ മത്സരത്തിൽ കണ്ടു. എന്നാൽ, അഭിമന്യു ഈശ്വരനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയ രാഹുൽ നാല് പന്തിൽ നാല് റൺസെടുത്ത് പുറത്തായി.
മെൽബണിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയൻ പേസർ മൈക്കൽ നെസർ ഇന്ത‍്യൻ ബാറ്റിങ് ലൈനപ്പിനെ പിഴുതെറിഞ്ഞു. 12.2 ഓവറിൽ 27 റൺസ് വഴങ്ങി 4 വിക്കറ്റ് സ്വന്തമാക്കി. ആദ‍്യ മൂന്ന് ഓവറിൽ തന്നെ ഇന്ത‍്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു.
11/4 എന്ന നിലയിലായിരുന്നു ആദ‍്യ മൂന്ന് ഓവർ പിന്നിടുമ്പോൾ ഇന്ത‍്യയുടെ സ്കോർ. പിന്നീട് വന്ന ധ്രുവ് ജുറലും ദേവ്ദത്ത് പടിക്കലും ചേർന്ന് 53 റൺസ് കൂട്ട്കെട്ട് ഉയർത്തിയെങ്കിലും ഓസ്ട്രേലിയയുടെ മികച്ച ബൗളിങ് പ്രകടനത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ദേവ്ദത്തും മടങ്ങി.
ഒടുവിൽ ഇന്ത‍്യ 161 റൺസിന് പുറത്തായി. 80 റൺസെടുത്ത ധ്രുവ് ജുറലാണ് ടോപ് സ്കോറർ. ജുറലിനു പുറമേ ദേവ്ദത്ത് പടിക്കൽ (26), നിതീഷ് കുമാർ റെഡ്ഡി (16), പ്രസിദ്ധ് കൃഷ്ണ (14) എന്നിവർക്കു മാത്രമാണ് രണ്ടക്ക സ്കോർ നേടാനായത്.
സ്കോട്ട് ബോലൻഡാണ് രാഹുലിന്‍റെ വിക്കറ്റ് വീഴ്ത്തിയത്. രോഹിത്തിന്‍റെ അഭാവത്തിൽ ഓപ്പണറായി പരിഗണിക്കപ്പെടുന്ന മറ്റൊരു താരം അഭിമന്യു ഈശ്വരൻ പൂജ്യത്തിനും പുറത്തായി. എ ടീമുകൾ തമ്മിലുള്ള ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്സിലും അഭിമന്യു പരാജയമായിരുന്നു. ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന മറ്റൊരു ടോപ് ഓർഡർ ബാറ്റർ സായ് സുദർശനും പൂജ്യത്തിനു പുറത്തായി. നെസറിന്‍റെ രണ്ടാം ഓവറിൽ എ ടീം ക‍്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനെയും (4) നഷ്ടമായി. മൈക്കൽ നെസറിന് പുറമെ ബ്യൂ വെബ്‌സ്റ്റര്‍ മൂന്നു വിക്കറ്റും സ്‌കോട്ട് ബോലന്‍ഡ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ എ 17 ഓവർ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഓപ്പണിങ് ബാറ്ററും നായകനുമായ നാഥൻ മക്‌സ്വീനിയും കാമറൂൺ ബാൻക്രോഫ്റ്റും പുറത്തായി. ഇന്ത‍്യയ്ക്ക് വേണ്ടി മുകേഷ് കുമാറും, ഖലീൽ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.