മുംബൈ: നായികാവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നുമണി. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന് മൂന്നുറണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. മുംബൈ വാംഖെഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അവസാന ഓവര്‍ എറിഞ്ഞ ശ്രേയങ്ക പാട്ടീല്‍ ആണ് മത്സരത്തിലെ ഹീറോ. ശ്രേയ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരുന്നത് എന്നാല്‍, ഒമ്പത് റണ്‍സ് മാത്രമാണ് അവര്‍ നേടിയത്. അവസാന പന്തില്‍ വിജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കേ ഇംഗ്ലീഷ് ബാറ്റര്‍ ചാര്‍ളി ഡീന്‍ റണ്ണൗട്ടാകുയതോടെ ഇന്ത്യ വിജയിച്ചു.
മികച്ച ഫോമില്‍ കളിച്ച ഇംഗ്ലീഷ് ബാറ്റര്‍ ഹോളി ആര്‍മിറ്റേജിനെ 17-ാം ഓവറില്‍ ക്യാപ്റ്റന്‍ മിന്നു മണി പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണര്‍ ദിനേശ് വൃന്ദ (22), ദിഷ കസത് (25) ജി.ദിവ്യ (22) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിങ്ങില്‍ 40 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് 4-ാം വിക്കറ്റില്‍ ഹോളി ആര്‍മിറ്റേജും സെറിന്‍ സ്മെയിലും ചേര്‍ന്ന് 70 (57 പന്തില്‍) റണ്‍സിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കി. ഇന്ത്യ വിജയം കൈവിടുമെന്നിരിക്കെയാണ് മിന്നു മണി ഹോളി ആര്‍മിറ്റേജിനെ (41 പന്തില്‍ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ സെറിന്‍ സ്മെയിലിന്‍റെ (32 പന്തില്‍ നിന്ന് 31) വിക്കറ്റ് കശ്വീ ഗൗതം തെറിപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ നഷ്ടമായി.
കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പി.നായിക് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. അവസാന മത്സരം മൂന്നാം തീയതിയാണ്.