ബംഗളൂരു: സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ ഇന്ത്യ ഫൈനലിൽ കുവൈറ്റിനെ നേരിടും. സെമി ഫൈനലിൽ ലെബനനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് നീലക്കടുവകളുടെ മുന്നേറ്റം.
ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്‍റെ ഉജ്വല പ്രകടനമാണ് ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് 4-2 വിജയം ഉറപ്പാക്കിയത്. നേരത്തെ, നിശ്ചിത സമയവും എക്സ്ട്രാ ടൈമും ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.
ഇന്ത്യക്കായി കിക്കെടുത്ത ക്യാപ്റ്റൻ സുനിൽ ഛേത്രി, അൻവർ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവർ ലക്ഷ്യം കണ്ടു. ലെബനൻ താരം ഹസൻ മാറ്റുക്കിന്‍റെ കിക്ക് ഗുർപ്രീത് തടുത്തു. ഖലീൽ ബാദറിന്‍റെ ഷോട്ട് ലക്ഷ്യം തെറ്റുകയും ചെയ്തു.
നിശ്ചിത സമയത്തും ഗുർപ്രീതിന്‍റെ മികച്ച സേവുകൾ പലപ്പോഴും ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ഇന്ത്യൻ താരങ്ങൾ പല മികച്ച ഗോളവസരങ്ങളും പാഴാക്കുകയും ചെയ്തു.
നേരത്തെ, ആദ്യസെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കുവൈറ്റ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍ നേടാതെ വന്നതോടെ മത്സരം അധികസമയത്തേക്കു നീണ്ടു. അധികസമയത്തെ ആദ്യപകുതിയുടെ പരുക്കു സമയത്ത് അബ്ദുള്ള അല്‍ ബ്ലൗഷിയാണ് കുവൈറ്റിന്റെ വിജയഗോള്‍ നേടിയത്.
ചൊവ്വാഴ്ചയാണ് ഫൈനൽ.