അഹമ്മദാബാദ്: ഇന്ത്യ- പാക് മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇന്ത്യൻ ബൗളർമാരുടെ കരുത്തിൽ അടി പതറി പാക് ബാറ്റിങ് നിര. 42.5 ഓവറിൽ ഓൾ ഔട്ട് ആകുമ്പോൾ 191 റൺസാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 280-300 റൺസ് സ്കോർ ചെയ്യാനുള്ള അടിത്തറയിൽനിന്നാണ് നാടകീയമായി തകർന്നത്. 155 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് മാത്രം നഷ്ടമായിരുന്ന ടീമിന് അടുത്ത എട്ട് വിക്കറ്റുകൾ 36 റൺസിനിടെ നിലം പതിച്ചു.
അർധ സെഞ്ചുറി നേടിയ പാക് ക്യാപ്റ്റൻ ബാബർ അസമാണ് (50) ടോപ് സ്കോറർ.
ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് , രവീന്ദ്ര ജഡേജ എന്നിവൽ 2 വീതം വിക്കറ്റുകൾ സ്വന്തമാക്കി.
പാക് ഓപ്പണർ അബ്ദുല്ലാ ഷഫിഖ് 20 റൺസും ഇമാം ഉൾ ഖഹ് 36 റൺസും മുഹമ്മദ് റിസ്വാൻ 49 റൺസ് നേടി. തുടർന്നിറങ്ങിയവരിൽ 12 റൺസ് നേടിയ ഹസൻ അലി ഒഴികെയുള്ളവരെല്ലാം ഒറ്റയക്കത്തിൽ ഔട്ട് ആവുകയായിരുന്നു.
ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാൻ നേടുന്ന രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 1999ൽ നേടിയ 180 റൺസാണ് ഏറ്റവും കുറഞ്ഞ സ്കോർ.