Arshdeep Singh 
Sports

അർഷ്‌ദീപും സൂര്യകുമാറും കാത്തു; ഇന്ത്യ സൂപ്പർ എയ്റ്റിൽ

ന്യൂയോർക്ക്: പരീക്ഷണങ്ങൾ പലതും വീണ്ടും പാളി. പക്ഷേ, ഒടുവിൽ യുഎസ്എയെ ഏഴു വിക്കറ്റിനു കീഴടക്കിയ ഇന്ത്യ ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ എയ്റ്റ് റൗണ്ടിൽ ഇടം ഉറപ്പിച്ചു. അയർലൻഡിനെയും പാക്കിസ്ഥാനെയും തോൽപ്പിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ യുഎസ്എയെയും നേരിടാൻ ഇറങ്ങിയത്. ക്യാനഡയ്‌ക്കെതിരായ മത്സരം ബാക്കി നിൽക്കെ സൂപ്പർ എയ്റ്റിൽ ഇടം ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പിൽ നിന്ന് ഒരു ടീമിനു കൂടി അടുത്ത ഘട്ടത്തിലെത്താൻ അവസരമുണ്ട്, അത് പാക്കിസ്ഥാനോ യുഎസ്എയോ ആകാം, അന്തിമ തീരുമാനം നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാകും.

സ്കോർ: യുഎസ്എ- 20 ഓവറിൽ 110/8; ഇന്ത്യ- 18.2 ഓവറിൽ 111/3

യുഎസ്എയ്‌ക്കെതിരേ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ പ്രതീക്ഷിച്ചതു പോലെ ഫീൽഡിങ് തന്നെ തെരഞ്ഞെടുത്തു. ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അർഷ്‌ദീപ് സിങ് യുഎസ്എയുടെ ടെയ്ക്ക് ഓഫ് തടഞ്ഞു. മത്സരത്തിലാകെ നാലോവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ അർഷ്‌ദീപ് തന്നെയാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചുനിന്നത്. പ്ലെയർ ഓഫ് ദ മാച്ചും മറ്റാരുമല്ല.

മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും നാലോവറിൽ 25 റൺസ് വീതം വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. എന്നാൽ, നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യ ഒരിക്കൽക്കൂടി ബൗളർ എന്ന നിലയിൽ ടീമിലെ തന്‍റെ പ്രാധാന്യം തെളിയിച്ചു.

രവീന്ദ്ര ജഡേജയ്ക്ക് ഒരോവർ പോലും എറിയാൻ അവസരം കിട്ടിയില്ല. അക്ഷർ പട്ടേൽ മൂന്നോവറിൽ 25 റൺസിന് ഒരു വിക്കറ്റ് നേടിയപ്പോൾ, ഒരോവർ എറിഞ്ഞ ശിവം ദുബെ 11 റൺസ് വഴങ്ങി, വിക്കറ്റില്ല.

27 റൺസെടുത്ത നിതീഷ് കുമാറാണ് യുഎസ്എ‍യുടെ ടോപ് സ്കോറർ. ഓപ്പണർ സ്റ്റീവൻ ടെയ്‌ലർ 24 റൺസും നേടി.

സൂര്യകുമാർ യാദവും ശിവം ദുബെയും മത്സരത്തിനിടെ.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം ദുരന്തതുല്യമായിരുന്നു. വിരാട് കോലി ഗോൾഡൻ ഡക്കായപ്പോൾ രോഹിത് ശർമ ആറ് പന്തിൽ മൂന്ന് റൺസുമായി മടങ്ങി. രണ്ടു പ്രൈസ് വിക്കറ്റും സ്വന്തമാക്കിയത് യുഎസ്എയുടെ മുൻ ഇന്ത്യ അണ്ടർ 19 പേസ് ബൗളർ സൗരഭ് നേത്രവൽക്കർ.

ഋഷഭ് പന്ത് പതിവുപോലെ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 20 പന്തിൽ 18 റൺസുമായി മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ എട്ടാം ഓവറിൽ 44/3.

അവിടെവച്ച് സൂര്യകുമാർ യാദവിനൊപ്പം ചേർന്ന ശിവം ദുബെ തുടക്കത്തിൽ ടൈമിങ് കണ്ടെത്താൻ നന്നേ വിഷമിക്കുന്ന കാഴ്ച. ഒരു ഘട്ടത്തിൽ റണ്ണൊഴുക്ക് ടെസ്റ്റ് മത്സരങ്ങളെ ഓർമിപ്പിക്കും പോലെയായി. നന്നായി കളിച്ചുകൊണ്ടിരുന്ന സൂര്യകുമാറിനെക്കൂടി ദുബെയുടെ മെല്ലെപ്പോക്ക് സമ്മർദത്തിലാക്കുന്ന അവസ്ഥ. ഇരുവരുടെയും ഓരോ ക്യാച്ചും ഇതിനിടെ യുഎസ് ഫീൽഡർമാർ നഷ്ടപ്പെടുത്തി.

പക്ഷേ, ഒരു ഘട്ടത്തിൽ അമ്പതിൽ താഴെ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തിരുന്ന ദുബെ മെല്ലെ താളം കണ്ടെത്തിയതോടെ കളം മാറി. 35 പന്തിൽ ഒരു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത ദുബെ അവസാനം വരെ പിടിച്ചുനിൽക്കുക തന്നെ ചെയ്തു.

മറുവശത്ത്, വ്യത്യസ്തനായൊരു സൂര്യകുമാറിനെയാണ് കാണാനായത്. സാഹചര്യം തിരിച്ചറിഞ്ഞ് കരുതലോടെയും എന്നാൽ, റൺ നിരക്ക് നിയന്ത്രണത്തിൽ നിർത്തിയും ബാറ്റ് ചെയ്ത സൂര്യ 49 പന്തിൽ കൃത്യം 50 റൺസുമായി പുറത്താകാതെ നിന്നു. രണ്ടു ഫോറും രണ്ടു സിക്സും മാത്രം ഉൾപ്പെട്ട ശാന്തമായ ഇന്നിങ്സ്. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 67 റൺസ് പിറന്നു.

'അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല'; ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും

ഹരിയാനയിൽ വോട്ടെടുപ്പ് ആരംഭിച്ചു

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 36 മാവോയിസ്റ്റുകളെ വധിച്ചു

25 ലക്ഷം തട്ടിയ അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു