സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് തോൽവി. ഇന്നിങ്സിനും 32 റൺസിനുമാണ് ഇന്ത്യ തോൽവിയേറ്റ് വാങ്ങിയത്. 163 റണ്‍സ് കടവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 131 റൺസിന് പുറത്തായി. 76 റൺസെടുത്ത വിരാട് കോഹ്ലിയാണ് സ്കോർ 100 കടത്തിയത്. കോഹ്ലിയും 26 റൺസെടുത്ത ശുഭ്മൻ ഗില്ലും മാത്രമാണ് രണ്ടക്കം കടന്നത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് കേപ്ടൗണില്‍ തുടങ്ങും. സ്കോര്‍ ഇന്ത്യ 245,131, ദക്ഷിണാഫ്രിക്ക 408.
രണ്ടാം ഇന്നിങ്സിലും ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), യശസ്വി ജയ്സ്വാള്‍ (5), ശ്രേയസ് അയ്യര്‍ (6), കെ.എല്‍ രാഹുല്‍ (4), ആര്. അശ്വിന് (0), ശാര്‍ദുല്‍ താക്കൂര്‍ (2), ജസ്പ്രീത് ബുംറ (0) , മുഹമ്മദ് സിറാജ് (4), പ്രസിദ്ധ് കൃഷ്ണ (0) എന്നിവർ രണ്ടക്കം കടന്നില്ല. നാല് വിക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബര്‍ഗറും മാർക്കോ ജാൻസൻ മൂന്നും കഗിസോ റബാഡയ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഡീൻ എൽഗാറിന്റെ സെഞ്ചുറി കരുത്തിലാണ് ഒന്നാം ഇന്നിങ്സില്‍ അവര്‍ 408 റൺസ് നേടിയത്. 163 റണ്‍സിന്റെ ലീഡാണ് അവര്‍ സ്വന്തമാക്കിയത്.
നേരത്തെ ഡീന്‍ എല്‍ഗാര്‍ സെഞ്ച്വറി നേടി മുന്നില്‍ നിന്നു നയിച്ചു. ജാന്സന് 84 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന എല്‍ഗാര്‍ 185 റണ്‍സെടുത്തു മടങ്ങി. ഠാക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനു പിടി നല്‍കിയാണ് എല്‍ഗാറിന്റെ മടക്കം. കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുകയാണ് എല്‍ഗാര്‍.
എയ്ഡന്‍ മാര്‍ക്രം (5), ടോണി ഡെ സോര്‍സി (28), കീഗന്‍ പീറ്റേഴ്സന് (2), ഡേവിഡ് ബെഡ്ങ്ഹാം (56), കെയ്ല്‍ വെരെയ്ന്‍ (4), ജെറാള്‍ഡ് കോറ്റ്സി (19) കഗിസോ റബാഡ (1), നാന്ദ്രെ ബര്‍ഗര്‍ (0) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ ടെംബ ബവുമ ബാറ്റിങിനു ഇറങ്ങിയില്ല.
ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍, ആര് അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്സ് ആദ്യം തുടങ്ങിയ ഇന്ത്യ കെ എല്‍ രാഹുലിന്റെ (137 പന്തില്‍ 101 റണ്‍സ്) ഇന്നിങ്സിന്റെ ബലത്തിലാണ് 245 റണ്‍സെടുത്തത്.
രണ്ടാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ( 22 പന്തില്‍ നിന്ന് 5) കൂട്ടുപിടിച്ചാണ് രാഹുല്‍ സ്കോറിങ് വേഗം കൂട്ടിയത്. എന്നാല്‍ സിറാജിനെ ജെറാള്‍ഡ് പുറത്താക്കിയയോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി.
ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് കൃഷ്ണ എട്ട് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാനായില്ല. സെഞ്ച്വറി ഇന്നിങ്സിന് ശേഷം നാന്ദ്രെ ബര്‍ഗര്‍ കെഎല്‍ രാഹുലിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സും അവസാനിച്ചു.