മുംബൈ: പാക്കിസ്ഥാനിലാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് നടക്കുന്നതെങ്കില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് ബിസിസിഐ. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നുകില്‍ ചാംപ്യന്‍സ് ട്രോഫി മറ്റൊരിടത്തേക്കു മാറ്റണം, അല്ലെങ്കില്‍ ഏഷ്യാ കപ്പ് നടന്നതുപോലെ ഹൈബ്രിഡ് മോഡലില്‍ നടത്തുകയോ ചെയ്യണമെന്നാണ് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് ബിസിസിഐയുടെ തീരുമാനത്തിനു പിന്നില്‍.
ചാംപ്യന്‍സ് ട്രോഫി ഒരു ഐസിസി ടൂര്‍ണമെന്‍റാണ്. എങ്കിലും പാക്കിസ്ഥാനിലേക്ക് പോകണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വേണം. നിലവില്‍ അതില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളനയതന്ത്ര ബന്ധം മികച്ചതല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര സമീപകാലത്തേയ്ക്ക് മറന്നേക്കൂ. എന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.
പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ പുനരാരംഭിക്കുന്നതിന് തന്‍റെ പിന്തുണയുണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വാശിയേറിയ കായിക പോരാട്ടം ഇല്ലാതെ പോകുന്നത് കായിക ലോകത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ക്ക് തയാറാണെന്ന്് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ബിസിസിഐയുടെ നീക്കം സങ്കുചിതമാണെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍, ബിസിസിഐയുടെ ഈ തീരുമാനത്തെക്കുറിച്ച് ഇതുവരെ പിസിബി പ്രതികരിച്ചിട്ടില്ല.