തിലക് വർമ 
Sports

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

സഞ്ജു സാംസൺ തുടരെ രണ്ടാം മത്സരത്തിലും പൂജ്യത്തിനു പുറത്ത്. പക്ഷേ, തിലക് വർമയുടെ റെക്കോഡ് സെഞ്ചുറിയും അഭിഷേക് ശർമയുടെ അർധ സെഞ്ചുറിയും ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യക്ക് ജയം ഉറപ്പാക്കി

ഡർബൻ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20 മത്സരത്തിൽ തിലക് വർമയുടെ തകർപ്പൻ സെഞ്ചുറി ഇന്ത്യയെ ജയത്തിലേക്കു നയിച്ചു. അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോഡും തിലക് വർമ സ്വന്തം പേരിൽ എഴുതിച്ചേർത്തു. 22 വയസും 5 ദിവസവും പ്രായമുള്ളപ്പോൾ നേടിയ സെഞ്ചുറിയോടെ പാക്കിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാദിന്‍റെ റെക്കോഡാണ് തകർന്നത്. 23 വയസിൽ ടി20 സെഞ്ചുറി നേടിയ സുരേഷ് റെയ്നയുടെ പേരിലായിരുന്നു ഇന്ത്യൻ റെക്കോഡ്.

56 പന്തിൽ നിന്ന് 7 സിക്സറുകളും 8 ബൗണ്ടറികളുമടക്കം 107 റൺസ് നേടിയ തിലക് പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് എടുത്തത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 208/7 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ സന്ദർശകർക്ക് 11 റൺസ് വിജയം. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കായിരുന്നു ജയം. ഒരു മത്സരം കൂടി ശേഷിക്കെ പരമ്പരയിൽ ഇന്ത്യ 2-1 എന്ന നിലയിൽ ലീഡ് ചെയ്യുന്നു.

തുടരെ രണ്ടാം മത്സരത്തിലും ഓപ്പണർ സഞ്ജു സാംസൺ പൂജ്യത്തിനു പുറത്തായതോടെയാണ് തിലക് വർമയെ മൂന്നാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യുന്നത്. അഭിഷേക് ശർമയ്‌ക്കൊപ്പം 107 റൺസിന്‍റെ കൂട്ടുകെട്ടും തിലക് വർമ പടുത്തുയർത്തി. 25 പന്തിൽ 5 സിക്സറുകളും 4 ബൗണ്ടറികളുമടക്കം 50 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. രണ്ട് പന്തുകൾ നേരിട്ട സഞ്ജുവിനെ മാർക്കോ യാൻസൺ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും യാൻസനു തന്നെയായിരുന്നു സഞ്ജുവിന്‍റെ വിക്കറ്റ്. ഇതോടെ രണ്ടു സെഞ്ചുറിക്കു ശേഷം തുടരെ രണ്ട് ഡക്കും സഞ്ജുവിന്‍റെ പേരിൽ കുറിക്കപ്പെട്ടു.

ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും (1), ഹാർദിക് പാണ്ഡ്യക്കും (18), റിങ്കു സിങ്ങിനും (8) കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ, അരങ്ങേറ്റത്തിനിറങ്ങിയ രമൺദീപ് സിങ് ഏഴ് പന്തിൽ 15 റൺസുമായി മനോഹരമായൊരു കാമിയോ പുറത്തെടുത്ത് ഇന്ത്യൻ ഇന്നിങ്സിനു ഫിനിഷിങ് ടച്ച് നൽകി.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ആൻഡിലെ സിമലാനി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

അർഷ്ദീപ് സിങ്ങിന്‍റെ വിക്കറ്റ് ആഘോഷം

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ പിന്തുടരാൻ ആവശ്യമായ അടിത്തറ നൽകാൻ ഓപ്പണർമാർക്കു സാധിച്ചില്ല. റിയാൻ റിക്കിൾടൺ (20), റീസ ഹെൻഡ്രിക്സ് (21), എയ്ഡൻ മാർക്രം (29), ട്രിസ്റ്റൻ സ്റ്റബ്സ് (12) എന്നിവർ പുറത്തായ ശേഷം വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസനും ഓൾറൗണ്ടർ മാർക്കോ യാൻസനുമാണ് ഇന്ത്യൻ ബൗളർമാരെ വിറപ്പിച്ചത്. വരുൺ ചക്രവർത്തിയെ ഹാട്രിക് സിക്സറിനു ശിക്ഷിച്ച ക്ലാസൻ പക്ഷേ 22 പന്തിൽ 41 റൺസുമായി അർഷ്ദീപ് സിങ്ങിനു വിക്കറ്റ് സമ്മാനിച്ചതോടെ ആ പോരാട്ടവും അവസാനിച്ചു.

ഫോം കണ്ടെത്താൻ വിഷമിച്ച ഡേവിഡ് മില്ലർ (18 പന്തിൽ 18) ദക്ഷിണാഫ്രിക്കൻ ആരാധകരെ നിരാശപ്പെടുത്തിയപ്പോൾ, മാർക്കോ യാൻസൻ അവസാന ഓവറുകളിൽ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്തത് ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് വീണ്ടും പ്രതീക്ഷ നൽകി.

ഹാർദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 26 റൺസാണ് യാൻസൻ അടിച്ചെടുത്തത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 25 റൺസ്. അെർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ പന്തിൽ ജെറാൾഡ് കോറ്റ്സി സിംഗിൾ എടുത്തു. രണ്ടാം പന്ത് സിക്സറിനു പറത്തിയ യാൻസൻ വെറും 16 പന്തിൽ അർധ സെഞ്ചുറി തികച്ചു. പിന്നെ വേണ്ടത് നാല് പന്തിൽ 18 റൺസ്. എന്നാൽ, അടുത്ത പന്തിൽ അർഷ്ദീപിന്‍റെ യോർക്കർ യാൻസനെ വിക്കറ്റിനു മുന്നിൽ കുടുക്കി. ഇതോടെ ഇക്വേഷൻ മൂന്ന് പന്തിൽ 17 എന്ന നിലയിൽ. ഇതിൽ അഞ്ച് റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ സാധിച്ചത്. ഇതോടെ 11 റൺസിന്‍റെ ആവേശകരമായ വിജയവും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നത്. വരുൺ ചക്രവർത്തി നിർണായകമായ രണ്ട് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 54 റൺസ് വിട്ടുകൊടുത്തു. ഹാർദിക് പാണ്ഡ്യയുടെ നാലോവറിലും 50 റൺസ് പിറന്നു. 29 റൺസ് വഴങ്ങിയ അക്ഷർ പട്ടേലും 33 റൺസ് വഴങ്ങിയ രവി ബിഷ്ണോയിയുമാണ് റണ്ണൊഴുക്ക് നിയന്ത്രിച്ചത്. പാണ്ഡ്യക്കും അക്ഷറിനും ഓരോ വിക്കറ്റും കിട്ടി.

റെയിൽവേ ട്രാക്ക് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു; ഒരാൾ മരിച്ചു, ഒരാളുടെ നിലഗുരുതരം

ഉപതെരഞ്ഞെടുപ്പ്: തൽസ്ഥിതി തുടർന്നാൽ മൂവർക്കും ആശ്വാസം

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി

അമ്മു സജീവന്‍റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു