മുംബൈ: അഫ്ഗാനിസ്ഥാനെതിരേ നാട്ടിൽ നടക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിൽ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കളിക്കില്ല. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ ടി20 ടീമിനെ നയിച്ച സൂര്യക്ക് അവസാന മത്സരത്തിനിടെ കാൽക്കുഴയ്ക്ക് പരുക്കേറ്റിരുന്നു. ഇതെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ് സൂര്യ. അതേസമയം, ലോകകപ്പിനിടെ കാലിനേറ്റ പരുക്ക് ഇനിയും പൂർണമായി ഭേദമാകാത്തതാണ് ഹാർദികിനു തിരിച്ചടിയായത്.
ട്വന്‍റി20 ലോകകപ്പിനു മുൻപ് ഇന്ത്യക്ക് കളിക്കാനുള്ള ഏക 20-ഓവർ പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്നത്. ഇതിൽ രോഹിത് ശർമയെയും വിരാട് കോലിയെയും ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. രോഹിതിന്‍റെയും സൂര്യയുടെയും ഹാർദികിന്‍റെയും അഭാവത്തിൽ അഫ്ഗാനിസ്ഥാനെതിരേ ആരായിരിക്കും ടീമിനെ നയിക്കുക എന്നതും കൗതുകമുണർത്തുന്ന ചോദ്യമാണ്.
ഏഷ്യൻ ഗെയിംസിൽ ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗെയ്ക്ക്‌വാദും പരുക്ക് കാരണം ഈ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കൈവിരലിനേറ്റ പരുക്ക് കാരണം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഋതുരാജിനെ പരിഗണിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ലോകകപ്പിനു മുൻപുള്ള അവസാന പരമ്പര എന്ന നിലയിൽ ഫുൾ സ്ട്രെങ്ത് ടീമിനെ തന്നെ അഫ്ഗാനെതിരേ അണിനിരത്താനാണ് ബിസിസിഐ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് ടീം തെരഞ്ഞെടുക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.