Rohit Sharma, Virat Kohli 
Sports

രോഹിത്, കോലി, സഞ്ജു ടി20 ടീമിൽ തിരിച്ചെത്തി

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് രോഹിത് ശർമ, വിരാട് കോലി, സഞ്ജു സാംസൺ എന്നിവരെ തിരിച്ചുവിളിച്ചു. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവർ പരുക്കു കാരണം വിട്ടുനിൽക്കുന്നതിനാലാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്.

അതേസമയം, രോഹിതിന്‍റെയും കോലിയുടെയും തിരിച്ചുവരവ് ട്വന്‍റി20 ലോകകപ്പിനുള്ള പരിഗണനയിൽ ഇവർ ഇപ്പോഴുമുണ്ടെന്ന സൂചനയാണ് നൽകുന്നത്. 2022ലെ ട്വന്‍റി20 ലോകകപ്പിന്‍റെ സെമി ഫൈനലിലെ തോൽവിക്കു ശേഷം ഇരുവരും ഇതുവരെ ഇന്ത്യക്കായി അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരങ്ങൾ കളിച്ചിട്ടില്ല.

ജനുവരി 11നാണ് അഫ്ഗാനെതിരേ മൂന്നു മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. രണ്ടാം മത്സരം 14നും മൂന്നാമത്തേത് 17നും നടക്കും. ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുൻപ് ഇന്ത്യ ഷോർട്ടസ്റ്റ് ഫോർമാറ്റിൽ കളിക്കുന്ന അവസാന പരമ്പരയും ഇതുതന്നെയാണ്. അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കു ശേഷം 25 മുതൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.

ടീമിന്‍റെ ക്യാപ്റ്റനായി രോഹിത് ശർമയെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം, കെ.എൽ. രാഹുലിനെയും ശ്രേയസ് അയ്യരെയും ടീമിലേക്കു പരിഗണിച്ചിട്ടില്ല. രാഹുലിന്‍റെ കാര്യത്തിൽ, തത്കാലം ട്വന്‍റി20 മത്സരങ്ങൾ കളിപ്പിക്കേണ്ടെന്നാണ് തീരുമാനം എന്നറിയുന്നു. അതേസമയം, ശ്രേയസ് അയ്യർക്ക് വിശ്രമം നൽകിയിരിക്കുന്നു എന്നാണ് സൂചന. ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ശിവം ദുബെയുടെ തിരിച്ചുവരവാണ് ടീമിലെ സർപ്രൈസ്.

Sanju Samosn

ടീം ഇങ്ങനെ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു