കെ.എൽ. രാഹുലും യശസ്വി ജയ്സ്വാലും സെഞ്ചുറി കൂട്ടുകെട്ടിനിടെ. മിച്ചൽ സ്റ്റാർക്ക് സമീപം. 
Sports

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഹർഷിത് റാണയും വിക്കറ്റുകൾ പങ്കിട്ടപ്പോൾ, ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് രണ്ടാം ദിവസം ആദ്യ സെഷനിൽ തന്നെ 104 റൺസിന് അവസാനിച്ചു

പെർത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. 150 റൺസിന് ഓൾഔട്ടായ ഇന്ത്യ ഇരട്ടി വീര്യത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയൻ ഇന്നിങ്സ് വെറും 104 റൺസിന് ചുരുണ്ടുകൂടി. രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചുറികളുമായി ഓപ്പണർമാർ യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും ഇന്ത്യക്ക് മികച്ച അടിത്തറയും നൽകി.

ഇതോടെ രണ്ടാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന ശക്തമായ നിലയിൽ കളി അവസാനിപ്പിക്കാൻ ഇന്ത്യക്കു സാധിച്ചു. ടീമിനിപ്പോൾ 218 റൺസിന്‍റെ ഓവറോൾ ലീഡുണ്ട്. പത്ത് വിക്കറ്റും മൂന്ന് ദിവസവും കൈയിലിരിക്കെ മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീതം ബുംറ മുന്നിൽ നിന്നു നയിച്ചപ്പോൾ രണ്ട് വിക്കറ്റുമായി മുഹമ്മദ് സിറാജ് നല്ല പിന്തുണ നൽകി. മൂന്ന് വിക്കറ്റ് നേടിയ മൂന്നാം പേസർ ഹർഷിത് റാണ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

ഏഴു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. അലക്സ് കാരിയും (21) മിച്ചൽ സ്റ്റാർക്കും (26) നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ നൂറു കടത്തിയത്.

ഇതിൽ സ്റ്റാർക്കിന്‍റെ പോരാട്ടം എടുത്തുപറയേണ്ടതാണ്. ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ സ്റ്റാർക്ക് 112 പന്ത് അതിജീവിച്ചാണ് 26 റൺസെടുത്തത്. രണ്ടു ബൗണ്ടറി ഇതിൽ ഉൾപ്പെടുന്നു.

ജസ്പ്രീത് ബുംറ

18 ഓവർ പന്തെറിഞ്ഞ ബുംറ 30 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. നാലാമത്തെയും അഞ്ചാമത്തെയും ബൗളർമാരായെത്തിയ നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും പങ്കുവച്ചത് അഞ്ചോവർ മാത്രം. ഇരുവർക്കും വിക്കറ്റില്ല.

രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യൻ ബാറ്റർമാർ ആദ്യ ഇന്നിങ്സിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധയോടെ കളിച്ചു. ആക്രമണോത്സുക ശൈലി അടക്കിവച്ച യശസ്വി ജയ്സ്വാൾ 122 പന്തിലാണ് അർധ സെഞ്ചുറി പൂർത്തിയാക്കിയത്. ആദ്യ ഇന്നിങ്സിൽ തെറ്റായ ഡിആർഎസ് തീരുമാനത്തിൽ പുറത്തായതിനു പരിഹാരം കണ്ട രാഹുൽ 124 പന്തിലും അർധ സെഞ്ചുറിയിലെത്തി. 229 പന്തിൽ ഓപ്പണിങ് കൂട്ടുകെട്ട് നൂറ് റൺസും മറികടന്നു.

രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ജയ്സ്വാൾ 90 റൺസും രാഹുൽ 62 റൺസും നേടി ക്രീസിലുണ്ട്.

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ