പെർത്ത്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 295 റൺസിന്‍റെ കൂറ്റൻ വിജയം. 533 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 238 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ക്യാപ്റ്റൻ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യൻ ആധിപത്യം ഉറപ്പിച്ചപ്പോൾ, ടീമിലെ ഏക സ്പിന്നർ വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് നേടി. അരങ്ങേറ്റക്കാരായ ഹർഷിത് റാണയും നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റും നേടി.
12/3 എന്ന നിലയിൽ പരാജയത്തെ മുന്നിൽ കണ്ടാണ് ഓസ്ട്രേലിയ നാലാം ദിവസം ബാറ്റിങ്ങിനിറങ്ങിയത്. ട്രാവിസ് ഹെഡിന്‍റെയും (89) മിച്ചൽ മാർഷിന്‍റെയും (47) ചെറുത്തുനിൽപ്പിന്, അനിവാര്യമായ പരാജയം പരമാവധി നീട്ടിയെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ.
രാവിലെ തന്നെ ഉസ്മാൻ ഖവാജയെയും (4) സ്റ്റീവൻ സ്മിത്തിനെയും (17) കൂടി നഷ്ടമായ ഓസ്ട്രേലിയ 79/5 എന്ന നിലയിലായിരുന്നു. അവിടെ ഒരുമിച്ച ഹെഡ്ഡും മാർഷും ചേർന്ന് സ്കോർ 161 വരെയെത്തിച്ചു. ഹെഡ്ഡിനെ ബുംറ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ ഗ്സൗസിലെത്തിച്ചതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.
മാർഷിനെ ക്ലീൻ ബൗൾ ചെയ്ത നിതീഷ് റെഡ്ഡി തന്‍റെ കന്നി ടെസ്റ്റ് വിക്കറ്റും നേടിയതോടെ ഓസ്ട്രേലിയക്ക് അവശേഷിച്ച സമനില പ്രതീക്ഷയും അവസാനിച്ചു. മിച്ചൽ സ്റ്റാർക്കിനെയും (12) നേഥൻ ലിയോണിനെയും (0) ഒരേ ഓവറിൽ മടക്കിയയച്ച വാഷിങ്ടൺ സുന്ദർ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. അലക്സ് കാരിയെ (36) ക്ലീൻ ബൗൾ ചെയ്ത റാണ ആ ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്സിൽ 150 റൺസിന് പുറത്തായ ശേഷം എതിരാളികളെ 104 റൺസിന് പുറത്താക്കിക്കൊണ്ടായിരുന്ന ഇന്ത്യയുടെ ആവേശകരമായ തിരിച്ചുവരവ്. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിന്‍റെയും വിരാട് കോലിയുടെയും സെഞ്ചുറികളുടെ ബലത്തിൽ ഇന്ത്യ 487/6 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനോട് 0-3 നു പരാജയപ്പെട്ടതോടെ കടുത്ത ആരാധകർ പോലും എഴുതിത്തള്ളിയിടത്തുനിന്നാണ്, ലോകത്തെ ഏറ്റവും വേഗമേറിയ വിക്കറ്റുകളിലൊന്നിൽ ഇന്ത്യ ജയം കുറിച്ചിരിക്കുന്നത്. മത്സരത്തിലാകെ എട്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് പ്ലെയർ ഓഫ് ദ മാച്ച്.
പെർത്തിലെ പുതിയ സ്റ്റേഡിയത്തിൽ നടത്തിയ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയക്ക് ഇത് ആദ്യത്തെ പരാജയം
150 റൺസ് എന്ന ആദ്യ ഇന്നിങ്സ് ടോട്ടലിനെക്കാൾ താഴെ സ്കോറുകൾ നേടിയ ശേഷം ഇന്നേവരെ രണ്ട് ടെസ്റ്റ് മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത് (104, ഓസ്ട്രേലിയക്കെതിരേ, മുംബൈ; 145, ഇംഗ്ലണ്ടിനെതിരേ, അഹമ്മദാബാദ്)
150 റൺസിലോ അതിൽ താഴെയോ ആദ്യ ഇന്നിങ്സ് അവസാനിച്ച ശേഷം ഒരു ടീം നേടുന്ന രണ്ടാമത്തെ ഉയർന്ന റൺസ് മാർജിനിലുള്ള വിജയമാണ് ഇന്ത്യ ഇപ്പോൾ നേടിയ 295 റൺസ് ജയം. (1991ൽ വെസ്റ്റിൻഡീസ് 149 റൺസിന് ഓൾഔട്ടായ ശേഷം ഓസ്ട്രേലിയയെ 343 റൺസിനു തോൽപ്പിച്ചിട്ടുണ്ട്)
40 വർഷത്തിനിടെ ഓസ്ട്രേലിയ സ്വന്തം നാട്ടിൽ പരാജയപ്പെടുന്ന രണ്ടാമത്തെ വലിയ റൺ മാർജിനാണ് 295 റൺസ്. 2012ൽ ദക്ഷിണാഫ്രിക്കയോട് 309 റൺസിനു പരാജയപ്പെട്ടിരുന്നു
ഇന്ത്യക്കെതിരായ മത്സരങ്ങളിൽ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ രണ്ടാമത്തെ റൺ മാർജിനിലുള്ള പരാജയവുമാണിത് (2008ലെ മൊഹാലി ടെസ്റ്റിൽ 320 റൺസിന് തോറ്റിട്ടുണ്ട്)
എവേ ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ റൺ വിജയ മാർജിൻ (2019ൽ വെസ്റ്റിൻഡീസിനെ 318 റൺസിനും, 2017ൽ ശ്രീലങ്കയെ 304 റൺസിനും തോൽപ്പിച്ചിട്ടുണ്ട്)