പെർത്ത്: ബോർഡർ ഗവാസ്ക്കർ ട്രോഫി ഒന്നാം ടെസ്റ്റിൽ ഇന്ത‍്യക്ക് 533 റൺസ് ലീഡ്. മൂന്നാം ദിവസം 85 ഓവർ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 275 എന്ന നിലയിലായിരുന്നു ഇന്ത‍്യ. 77 റൺസെടുത്ത് കെ.എൽ രാഹുലും 25 റൺസെടുത്ത് ദേവ്ദത്ത് പടിക്കലും പുറത്തായിരുന്നു. ഇതോടെ കോലിയും ജയ്സ്വാളും കുറച്ച് നേരം ബാറ്റ് ചെയ്തുവെങ്കിലും ജയ്സ്വാൾ 161 റൺസെടുത്ത് പുറത്തായി. 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്. പിന്നീട് വന്ന ഋഷഭ് പന്തിനും ധ്രുവ് ജുറലിനും രണ്ടക്കം കടക്കാനായില്ല. ഒരറ്റത്ത് നിന്ന് കോലി ഇന്ത‍്യയെ ഒറ്റക്ക് നയിച്ചു. 143 പന്തിൽ 8 ബൗണ്ടറികളും 2 സിക്സറുമടക്കം സെഞ്ച്വറി തികച്ചു. ഇതോടെ ഫോം കണ്ടെത്താനാകുന്നില്ലെന്നുള്ള വിമർശകരുടെ വായടപ്പിച്ചിരുകയാണ് കോലി.
കോലിയുടെയും ജയ്സ്വാളിന്‍റെയും സെഞ്ച്വറിയിൽ ഇന്ത‍്യ 487 എന്ന വലിയ സ്കോറിലെത്തി. വാഷിങ്ടൺ സുന്ദർ 29 റൺസും നിതീഷ് കുമാർ റെഡ്ഡി 38 റൺസും സംഭാവന നൽകി. ഓസ്ട്രേലിയക്ക് വേണ്ടി നഥാൻ ലിയോൺ 2 വിക്കറ്റും, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് 12 റൺസിന് 3 വിക്കറ്റ് നഷ്ടമായി. ക‍്യാപ്റ്റൻ ജസ്പ്രീത് ബുംറ 2 വിക്കറ്റും സിറാജ് 1 വിക്കറ്റും വീഴ്ത്തി. ഓപ്പണിങ്ങിറങ്ങിയ നഥാൻ മക്സ്വീനിയെയും (0), മാർനസ് ലബുഷെയ്നെയും (3) ബുംറ പുറത്താക്കി. പാറ്റ് കമ്മിൻസിനെ (2) സിറാജും പുറത്താക്കി. 9 പന്തിൽ 3 റൺസുമായി പുറത്താകാതെ ഉസ്മാൻ ഖവാജയാണ് ക്രീസിൽ.