യശസ്വി ജയ്സ്വാളിന്‍റെ സ്വീപ്പ് ഷോട്ട് 
Sports

ഇങ്ങനെയും ടെസ്റ്റ് കളിക്കാം: പകുതിയും മഴയെടുത്ത കളിയിൽ ജയം പിടിച്ച് ഇന്ത്യ

കാൺപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനെ, ഉറപ്പായ സമനിലയിൽ നിന്ന് ഇന്ത്യ ആവേശകരമായ വിജയത്തിലേക്കു നയിച്ചു. ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ പരമ്പര ഇന്ത്യ 2-0 എന്ന നിലയിൽ വൈറ്റ് വാഷ് ചെയ്തു.

മത്സരത്തിലെ ആദ്യ ദിവസം ഭാഗികമായും രണ്ടും മൂന്നും ദിവസങ്ങൾ പൂർണമായും മഴ കവർന്നെടുത്തിട്ടും റിസൽറ്റ് ഉണ്ടാക്കാൻ സാധ്യത വർധിച്ചത് ഇന്ത്യൻ ടീം സ്വീകരിച്ച വ്യത്യസ്ത സമീപനത്തിന്‍റെ ഫലമായാണ്.

ബംഗ്ലാദേശിന്‍റെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന രോഹിത് ശർമ, ജസ്പ്രീത് ബുംറ, ആർ. അശ്വിൻ

ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 233 റൺസിന് എറിഞ്ഞിട്ട ആതിഥേയർ വെറും 34 ഓവറിൽ 285 റൺസ് സ്കോർ ചെയ്തതാണ് മത്സരത്തിൽ വഴിത്തിരിവായത്. ഇതിനിടെ മൂന്നോവറിൽ അമ്പതും പത്തോവറിൽ നൂറും കടന്ന് ടെസ്റ്റ് ക്രിക്കറ്റിലെ റൺ നിരക്കിന്‍റെ റെക്കോഡുകളും ഇന്ത്യ തകർത്തിരുന്നു.

നാലാം ദിവസം വൈകിട്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 26 എന്ന നിലയിൽ കളി അവസാനിപ്പിച്ച ബംഗ്ലാദേശിനെ അവസാന ദിവസം ഇന്ത്യൻ ബൗളർമാർ 146 റൺസിന് വീണ്ടും ഓൾഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുംറയും ആർ. അശ്വിനും രവീന്ദ്ര ജഡേജയും ചേർന്നാണ് ബംഗ്ലാദേശ് ഇന്നിങ്സ് അൽപ്പായുസ്സാക്കിയത്. ഇതോടെ ഇന്ത്യക്ക് 95 റൺസ് എടുത്താൽ ജയിക്കാമെന്നായി.

ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയെയും (8) ശുഭ്‌മൻ ഗില്ലിനെയും (6) വേഗത്തിൽ നഷ്ടമായി. എന്നാൽ, ആദ്യ ഇന്നിങ്സിൽ നിർത്തിയിടത്തു നിന്നു തുടങ്ങിയ യശസ്വി ജയ്സ്വാൾ അറ്റാക്കിങ് മോഡിൽ തന്നെയായിരുന്നു. വിരാട് കോലിയുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 58 റൺസ് ചേർത്ത ജയ്സ്വാൾ ടീമിനു ജയിക്കാൻ മൂന്ന് റൺസ് മാത്രം വേണ്ടപ്പോഴാണ് പുറത്തായത്.

മത്സരത്തിൽ തന്‍റെ രണ്ടാമത്തെ അർധ സെഞ്ചുറിയും സ്വന്തമാക്കിയ ജയ്സ്വാൾ 45 പന്തിൽ 51 റൺസെടുത്തു. എട്ട് ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്. കോലിയും (29) ഋഷഭ് പന്തും (4) പുറത്താകാതെ നിന്നു.

ജയ്സ്വാൾ ആണ് പ്ലെയർ ഓഫ് ദ മാച്ച്. പ്ലെയർ ഓഫ് ദ സീരീസ് ആയി ആർ. അശ്വിനെയും തെരഞ്ഞെടുത്തു.

ഒളിവ് അവസാനിപ്പിച്ചു; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്

കട്ടപ്പന അമ്മിണി കൊലക്കേസ്: പ്രതി മണിക്ക് ജീവപര്യന്തം

കുറ്റാരോപിതനായാലും കുറ്റവാളിയായാലും ബുൾഡോസർ നീതി പാടില്ല: സുപ്രീം കോടതി

കൊച്ചിയിൽ ബൈക്കിൽ യുവാവിന്‍റെ നഗ്നയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്‌

വേണാട് എക്സ്പ്രസിലെ ദുരിത യാത്രയ്ക്ക് പരിഹാരം ഉടൻ