കൊടുങ്കാറ്റായി സഞ്ജു; ഇന്ത്യക്ക് ടി20 റെക്കോഡ് 
Sports

കൊടുങ്കാറ്റായി സഞ്ജു; ഇന്ത്യക്ക് ടി20 റെക്കോഡ്

സഞ്ജുവിൻ്റെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ എക്കാലത്തെയും ഉയർന്ന ടി20 ടീം ടോട്ടൽ സ്വന്തമാക്കി

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജുവിൻ്റെ ബലത്തിൽ ഇന്ത്യ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ എക്കാലത്തെയും ഉയർന്ന ടി20 ടീം ടോട്ടൽ സ്വന്തമാക്കി.

മംഗോളിയക്കെതിരേ നേപ്പാൾ 314 റൺസ് എടുത്തിട്ടുണ്ടെങ്കിലും രണ്ടും ടെസ്റ്റ് രാജ്യങ്ങളല്ല. അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയ 278/3 എന്ന റെക്കോഡാണ് ഇന്ത്യ തകർത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് പടുത്തുയർത്തിയത്. 22 പന്തിൽ അമ്പതും അടുത്ത 18 പന്തിൽ നൂറും തികച്ച സഞ്‌ജു 47 പന്തിൽ 111 റൺസ് കുറിച്ചാണ് മടങ്ങിയത്. 8 സിക്സുകളും 11 ഫോറുകളും സഞ്ജു അടിച്ചു കൂട്ടി. ഇതിൽ അഞ്ച് സിക്സറും പിറന്നത് റിഷാദ് ഹുസൈൻ എറിഞ്ഞ, ഇന്നിങ്‌സിലെ പത്താം ഓവറിലായിരുന്നു.

സഞ്ജുവിൻ്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറിയാണിത്. ഒപ്പം, ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ ടി20 സെഞ്ചുറി എന്ന തകർക്കാനാവാത്ത റെക്കോഡും സഞ്ജു സ്വന്തമാക്കി. ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയും ഇതുതന്നെയാണ്.

അഭിഷേക് ശർമ (4) പുറത്തായ ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവുമൊത്ത് (35 പന്തിൽ 75) സഞ്ജു കൂട്ടിച്ചേർത്തത് 173 റൺസാണ്, അതും വെറും 70 പന്തിൽ. തുടർന്നെത്തിയ റിയാൻ പരാഗും (13 പന്തിൽ 34) ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 47) കൂടി തകർത്തടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ മുന്നൂറിനടുത്തെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടാൻ സാധിച്ചത്. പരമ്പരയിൽ ആദ്യമായി അവസരം കിട്ടിയ രവി ബിഷ്ണോയ് മൂന്നും, ആദ്യമായി ന്യൂബോൾ കിട്ടിയ മായങ്ക് യാദവ് രണ്ടും വിക്കറ്റ് നേടി. ഇന്ത്യക്ക് 133 റൺസ് വിജയം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചിരുന്ന ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരി. ടെസ്റ്റ് പരമ്പരയും ഇന്ത്യ വൈറ്റ് വാഷ് ചെയ്തിരുന്നു.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം