ഇന്ത്യയുടെ ബൗളിങ് ഹീറോസ്: ജസപ്രീത് ബുംറയും കുൽദീപ് യാദവും. 
Sports

ബുംറയ്ക്ക് 6 വിക്കറ്റ്, ഇന്ത്യക്ക് ലീഡ്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 143 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഓപ്പണർ യശസ്വി ജയ്സ്വാൾ നേടിയ ഇരട്ട സെഞ്ചുറി ഇന്ത്യയെ 396 റൺസ് വരെ എത്തിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 253 റൺസിന് ഓൾ ഔട്ടായി. ബാസ് ബോൾ പരീക്ഷിച്ച ഇംഗ്ലണ്ടിനെ ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് പിടിച്ചു കെട്ടിയത്. അക്ഷർ പട്ടേലിലാണ് ശേഷിച്ച ഒരു വിക്കറ്റ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ആതിഥേയർ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലയിൽ. ഓവറോൾ ലീഡ് 171 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമയും (13) യശസ്വി ജയ്‌സ്വാളും (15) ക്രീസിൽ.

നേരത്തെ 336/6 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. ടീം സ്കോർ 350 റൺസ് പിന്നിട്ട് അടുത്ത ഓവറിൽ ജയ്സ്വാൾ 200 മറികടന്നു. 197 റൺസിൽ വച്ച് ബൗണ്ടറിയിലൂടെ നാഴികക്കല്ല് പിന്നിടുകയായിരുന്നു. 277 പന്തിലാണ് ഇരുപത്തിരണ്ടുകാരന്‍റെ ആദ്യ ഇരട്ട സെഞ്ചുറി പിറന്നത്.

20 റൺസെടുത്ത അശ്വിനെയും പിന്നാലെ ജയ്സ്വാളിനെയും വെറ്ററൻ ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സൺ പുറത്താക്കി. അശ്വിനെ ആൻഡേഴ്സൺ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്‍റെ ഗ്ലൗസിലെത്തിക്കുകയായിരുന്നു.

ജയിംസ് ആൻഡേഴ്സണെ അഭിനന്ദിക്കുന്ന ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ്.

ആൻഡേഴ്സണെ ഉയർത്തിയടിക്കാനുള്ള ജയ്സ്വാളിന്‍റെ ശ്രമം ഡീപ്പ് കവറിൽ ജോണി ബെയർസ്റ്റോയുടെ കൈകളിലും അവസാനിച്ചു. 290 പന്തിൽ 19 ഫോറും ഏഴ് സിക്സറും സഹിതം 209 റൺസാണ് ജയ്സ്വാൾ നേടിയത്. ശുഭ്‌മൻ ഗിൽ നേടിയ 34 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ അടുത്ത ഉയർന്ന വ്യക്തിഗത സ്കോർ. ഇവരെ കൂടാതെ അരങ്ങേറ്റക്കാരൻ രജത് പാട്ടീദാർ (32) മാത്രമാണ് മുപ്പത് കടന്നത്.

ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ യശസ്വി ജയ്സ്വാൾ.

പിന്നീട് ഇന്ത്യൻ ഇന്നിങ്സ് അധികം നീണ്ടില്ല. ജസ്പ്രീത് ബുംറയെ (0) രെഹാൻ അഹമ്മദും മുകേഷ് കുമാറിനെ (0) ഷോയിബ് ബഷീറും പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിങ്സ് 396 റൺസിൽ അവസാനിച്ചു. ആൻഡേഴ്സനും ഷോയിബും രെഹാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പ്രശസ്തമായ ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോൾ ശൈലിയാണ് പുറത്തുവന്നത്. എന്നാൽ, ഇന്ത്യൻ ബൗളർമാർ മുറയ്ക്ക് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇതു നിഷ്ഫലമായി. 10 ഓവറിൽ ഇംഗ്ലണ്ട് സ്കോർ അമ്പത് കടന്നെങ്കിലും കുൽദീപ് യാദവ് എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ഓപ്പണർ ബെൻ ഡക്കറ്റ് (17 പന്തിൽ 21) പുറത്തായി. മറുവശത്ത് ആക്രമണോത്സുക ബാറ്റിങ് തുടർന്ന സാക്ക് ക്രോളിയെ (78 പന്തിൽ 76) അക്ഷർ പട്ടേൽ പുറത്താക്കുമ്പോൾ ഇംഗ്ലണ്ട് 23ാം ഓവറിൽ 114 റൺസിലെത്തിയിരുന്നു.

പിന്നീടായിരുന്നു ജസ്പ്രീത് ബുംറയുടെ വിക്കറ്റ് വേട്ട. ജോ റൂട്ട് (5), ഒലി പോപ്പ് (23), ജോണി ബെയർസ്റ്റോ (25) എന്നിവർ ബുംറയ്ക്ക് ഇരകളായി. ആറ് റൺസ് വീതം നേടിയ ബെൻ ഫോക്സിനെയും രെഹാൻ അഹമ്മദിനെയും കുൽദീപ് യാദവ് പുറത്താക്കുമ്പോഴും ഒരു വശത്ത് ബെൻ സ്റ്റോക്സ് ആക്രമണം തുടരുന്നുണ്ടായിരുന്നു. 54 പന്തിൽ 47 റൺസെടുത്ത സ്റ്റോക്സിനെ ബുംറ ക്ലീൻ ബൗൾ ചെയ്തതോടെ ആ പ്രത്യാക്രമണവും അവസാനിച്ചു. ടോം ഹാർട്ട്‌ലിയുടെ രൂപത്തിൽ ശുഭ്‌മൻ ഗില്ലിന് ഇന്നിങ്സിലെ നാലാമത്തെ ക്യാച്ച് സമ്മാനിച്ചുകൊണ്ട് ബുംറ തന്‍റെ അഞ്ച് വിക്കറ്റ് നേട്ടവും പൂർത്തിയാക്കി. ആൻഡേഴ്സൺ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയും ചെയ്തതോടെ ബുംറയുടെ വിക്കറ്റ് നേട്ടം ആറ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ