രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം ഇന്ത്യൻ വിജയം പ്രതീക്ഷിച്ചതിലും വേഗത്തിലാക്കി. 
Sports

ഇന്ത്യക്ക് 434 റൺസ് ജയം; 'ജയ്സ്ബോളിനു' മുന്നിൽ ബാസ്ബോൾ നിഷ്പ്രഭം

റെക്കോഡുകളുടെ പെരുമഴ, ജയ്സ്വാളിന് തുടരെ രണ്ടാം ഇരട്ട സെഞ്ചുറി, രവീന്ദ്ര ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 122 റൺസിൽ അവസാനിച്ചു.

രാജ്‌കോട്ട്: ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് യശസ്വി ജയ്സ്വാളിന്‍റെ ജയ്സ്ബോൾ മറുപടിയായപ്പോൾ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 434 റൺസിന്‍റെ കൂറ്റൻ വിജയം. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ചുറി നേടിയ ജയ്സ്വാളിന്‍റെ കരുത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ 556 റൺസ് വിജയ ലക്ഷ്യം മുന്നോട്ടു വച്ചു. ഇംഗ്ലണ്ട് 122 റൺസിന് ഓൾഔട്ടായതോടെ ഒരു ദിവസം ശേഷിക്കെ മത്സരം ഇന്ത്യക്കു സ്വന്തം. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണിത്; ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ പരാജയവും. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ മൂന്നെണ്ണം പിന്നിടുമ്പോൾ ഇന്ത്യക്ക് 2-1 ലീഡ്.

പുറത്താകാതെ 214 റൺസെടുത്ത ജയ്സ്വാളിനെ കൂടാതെ ശുഭ്‌മൻ ഗില്ലും (91) സർഫറാസ് ഖാനും (68 നോട്ടൗട്ട്) ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനു കരുത്തു പകർന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 445 റൺസും ഇംഗ്ലണ്ട് 319 റൺസുമാണ് നേടിയിരുന്നത്. 430/4 എന്ന നിലയിൽ ആതിഥേയർ രണ്ടാം ഇന്നിങ്സിൽ ഡിക്ലയർ ചെയ്തു. കൂറ്റൻ സ്കോർ പിന്തുടർ സന്ദർശകർ 39.4 ഓവറിൽ 122 റൺസിന് കൂടാരം കയറുകയും ചെയ്തു.

നേരത്തെ, 196/2 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ഗില്ലും നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 151 പന്ത് നേരിട്ട് ഒമ്പത് ഫോറും രണ്ട് സിക്സും നേടി സെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴാണ് ഒമ്പത് റൺസ് അകലെ ദൗർഭാഗ്യകരമായി ഗിൽ റണ്ണൗട്ടാകുന്നത്. സാങ്കേതികത്തികവുള്ള ഡിഫൻസീവ് ഗെയിം പുറത്തെടുത്ത കുൽദീപ് 91 പന്തിൽ മൂന്നു ഫോറും അന്താരാഷ്‌ട്ര കരിയറിലെ ആദ്യ സിക്സും സഹിതം 27 റൺസെടുത്തും പുറത്തായി.

മൂന്നാം ദിവസം പരുക്കു കാരണം ക്രീസ് വീട്ട ജയ്സ്വാളാണ് ഗില്ലിനു പകരം ക്രീസിലെത്തിയത്. കുൽദീപ് പുറത്തായതോടെ സർഫറാസും വന്നു. ഇതിനു ശേഷമായിരുന്നു ഇംഗ്ലണ്ട് ബൗളിങ് നിരയുടെ ആത്മവിശ്വാസം തകർക്കുന്ന കടന്നാക്രമണം. ഇംഗ്ലണ്ട് റണ്ണൊഴുക്ക് നിയന്ത്രിക്കാൻ ഒരു വശത്ത് ഏഴ് ഫീൽഡർമാരെ വരെ അണിനിരത്തി. എന്നാൽ, ലോകോത്തര പേസ് ബൗളർ ജയിംസ് ആൻഡേഴ്സന്‍റെ ഓവറിൽ തുടരെ മൂന്നു സിക്സറുകൾ നേടിയ വെടിക്കെട്ട് ഉൾപ്പെടെ ഇതിനെല്ലാം ജയ്സ്വാൾ മറുപടി നൽകി.

ഇതിനിടെ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ (12) എന്ന റെക്കോഡിൽ പാക്കിസ്ഥാൻ താരം വസിം അക്രമിന് ഒപ്പമെത്താനും ജയ്സ്വാളിനു സാധിച്ചു. വീരേന്ദർ സെവാഗിന്‍റെ ഏഴ് സിക്സർ എന്ന ഇന്ത്യൻ റെക്കോഡും നേരത്തെ തന്നെ തകർന്നിരുന്നു. 236 പന്തിൽ 14 ഫോറും 12 സിക്സും ഉൾപ്പെടെ 214 റൺസെടുത്ത ജയ്സ്വാൾ പുറത്താകാതെ നിന്നു.

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോഡും ജയ്സ്വാൾ സ്വന്തമാക്കി. രോഹിത് ശർമയുടെ 19 സിക്സിന്‍റെ റെക്കോഡിനു മുകളിൽ 20 സിക്സുമായി ഇപ്പോൾ ജയ്സ്വാൾ ഉണ്ട്. പരമ്പരയിൽ രണ്ടു മത്സരം ബാക്കിയും. ഒരു പരമ്പരയിൽ ഒരു ടീമിന്‍റെ ഏറ്റവും കൂടുതൽ സിക്സർ എന്ന റെക്കോഡ് 48 സിക്സുമായി ഇന്ത്യൻ ടീമും സ്വന്തമാക്കി. ഇന്ത്യയുടെ തന്നെ പേരിലുണ്ടായിരുന്ന 47 സിക്സിന്‍റെ റെക്കോഡാണ് മറികടന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 2019ൽ കുറിച്ചതായിരുന്നു ഇന്ത്യയുടെയും രോഹിത്തിന്‍റെയും റെക്കോഡ്.

മുംബൈ ബോയ്സ്... യശസ്വി ജയ്സ്വാളും സർഫറാസ് ഖാനും മത്സരത്തിനിടെ.

മറുവശത്ത് വർത്തമാനകാല ഇന്ത്യൻ ക്രിക്കറ്റിൽ സ്പിന്നിനെ നേരിടാൻ ഏറ്റവും പ്രാഗൽഭ്യമുള്ള ബാറ്റർ എന്ന വിശേഷണത്തിന് അടിവരയിടുന്ന പ്രകടനം സർഫറാസും ആവർത്തിച്ചു. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ രണ്ടാമത്തെ അർധ സെഞ്ചുറിയും പൂർത്തിയാക്കി. 72 പന്തിൽ ആറ് ഫോറും മൂന്നു സിക്സും സഹിതം 68 റൺസെടുത്ത സർഫറാസും പുറത്താകാതെ നിന്നു. ഇന്ത്യൻ സ്കോർ 430 എത്തിയതോടെ ക്യാപ്റ്റൻ രോഹിത് ശർമ ഡിക്ലറേഷൻ പ്രഖ്യാപിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും വിജയത്തിന് ഒരു ശ്രമം പോലും നടത്താനായില്ല. 33 റൺസെടുത്ത പത്താം നമ്പർ ബാറ്റർ മാർക്ക് വുഡാണ് അവരുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ വിജയം പ്രതീക്ഷിച്ചതിലും നേരത്തെയാക്കിയത്. 12.4 ഓവർ പന്തെറിഞ്ഞ ജഡേജ, 41 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, ജസ്പ്രീത് ബുംറയും ആർ. അശ്വിനും ഓരോ വിക്കറ്റ് സ്വന്തമാക്കി.

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും എൻഡിഎയ്ക്കു മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ‌

ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാത്ത എന്ത് നഗരമാണിത്; വിമർശനവുമായി ഹൈക്കോടതി

ഇനി കുട്ടികള്‍ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട; ശബരിമലയിൽ കുട്ടികൾക്ക് കൂടുതൽ ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്

പാലക്കാട് 70 ശതമാനം കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

ആന്‍റിബയോട്ടിക് ഉപയോഗത്തിൽ 30 ശതമാനം കുറവ്