Ollie Robinson 
Sports

നാലാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റം

അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച റാഞ്ചിയിൽ ആരംഭിക്കും. ഇന്ത്യ 2-1 എന്ന നിലയിൽ പരമ്പരയിൽ ലീഡ് ചെയ്യുന്നു.

റാഞ്ചി: ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനുള്ള ഇംഗ്ലണ്ടിന്‍റെ പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചു. മൂന്നാം ടെസ്റ്റ് തോറ്റ് ടീമിൽ രണ്ടു മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഫാസ്റ്റ് ബൗളർ മാർക്ക് വുഡിനു പകരം പേസർ ഒലി റോബിൻസണും, ലെഗ് സ്പിന്നർ രെഹാൻ അഹമ്മദിനു പകരം ഓഫ് സ്പിന്നർ ഷോയിബ് ബഷീറും കളിക്കും.

ഇംഗ്ലണ്ടിനായി ഇതുവരെ 19 ടെസ്റ്റ് കളിച്ചിട്ടുള്ള മുപ്പതുകാരനായ റോബിൻസൺ 76 വിക്കറ്റും നേടിയിട്ടുണ്ട്. 22.21 എന്ന മികച്ച ശരാശരിയുമുണ്ട്. എന്നാൽ, നിരന്തരം ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടുന്നതിനാൽ ടീമിൽ ഇനിയും ഇടം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെ വംശീയ പരാമർശത്തിന്‍റെ പേരിൽ വിവാദത്തിലാകുകയും ടീമിൽ നിന്നു പുറത്താകുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച റാഞ്ചിയിലാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ടും, അടുത്ത രണ്ടെണ്ണം ഇന്ത്യയും ജയിച്ചു. ആതിഥേയർ ഇപ്പോൾ 2-1 എന്ന നിലയിൽ പരമ്പരയിൽ ലീഡ് ചെയ്യുന്നു. പരമ്പര നേടാനുള്ള സാധ്യത നിലനിർത്താൻ ഇംഗ്ലണ്ടിന് നാലാം മത്സരം ജയിച്ചേ മതിയാകൂ.

വെറ്ററൻ പേസർ ജയിംസ് ആൻഡേഴ്സണെ ടീമിൽ നിലനിർത്തി. മൂന്നാം ടെസ്റ്റിൽ യശസ്വി ജയ്സ്വാളിൽ നിന്ന് നിർദയമായ പ്രഹരം ഏറ്റുവാങ്ങിയത് ആൻഡേഴ്സൺ ആയിരുന്നെങ്കിലും വുഡിന് വിശ്രമം അനുവദിക്കാനായിരുന്നു ഇംഗ്ലണ്ട് തിങ്ക് ടാങ്കിന്‍റെ തീരുമാനം. ഇതിനിടെ, അവരുടെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നെറ്റ്സിൽ ബൗളിങ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം ഇനിയും മത്സരത്തിൽ പന്തെറിയാൻ സജ്ജനായിട്ടില്ലെന്നാണ് റോബിൻസണെ ഉൾപ്പെടുത്തിയതിലൂടെ ലഭിക്കുന്ന സൂചന. ഒരു സ്പെഷ്യലിസ്റ്റ് പേസ് ബൗളറെ മാത്രം ഉൾപ്പെടുത്തി, ന്യൂബോൾ പങ്കുവയ്ക്കാൻ സ്റ്റോക്സിനെ തന്നെ നിയോഗിക്കാനും ഇംഗ്ലണ്ട് ആലോചിച്ചിരുന്നതാണ്.

ജയ്സ്വാളും സർഫറാസ് ഖാനും കാര്യമായി ശിക്ഷിച്ചതാണ് രെഹാൻ അഹമ്മദിന് ടീമിനു പുറത്തേക്കുള്ള വഴി തുറന്നത്. പകരം ഡാൻ ലോറൻസിനെ ഉൾപ്പെടുത്തി ബാറ്റിങ് ശക്തിപ്പെടുത്താനും ഇംഗ്ലണ്ട് ആലോചിച്ചിരുന്നു. പാർട്ട് ടൈം സ്പിന്നർ കൂടിയാണ് ലോറൻസ്. എന്നാൽ, സ്റ്റോക്സിനെ മുഴുനീള ബൗളിങ് ചുമതല ഏൽപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായി ബഷീറിനെ ഉൾപ്പെടുത്തുകയായിരുന്നു. ഇടങ്കയ്യൻ ടോം ഹാർട്ട്‌ലിയാണ് ടീമിലുള്ള മറ്റൊരു സ്പെഷ്യലിസ്റ്റ് സ്പിന്നർ. ജോ റൂട്ടും സ്പിൻ വിഭാഗത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഇംഗ്ലണ്ടിന്‍റെ പ്ലെയിങ് ഇലവൻ:

  1. സാക്ക് ക്രോളി

  2. ബെൻ ഡക്കറ്റ്

  3. ഒലി പോപ്പ്

  4. ജോ റൂട്ട്

  5. ജോണി ബെയർസ്റ്റോ

  6. ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ)

  7. ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ)

  8. ടോം ഹാർട്ട്ലി

  9. ഒലി റോബിൻസൺ

  10. ജയിംസ് ആൻഡേഴ്സൺ

  11. ഷോയിബ് ബഷീർ

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video