ബംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ വെറും 46 റൺസാണ് ഇന്ത്യ നേടിയത്. ഇന്നേ വരെ ഇതിൽ താഴെ സ്കോർ നേടിയ ശേഷം ടെസ്റ്റ് ജയിച്ച ചരിത്രം ഒരിക്കൽ മാത്രമാണുള്ളത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റ് ചെയ്യുന്ന ശൈലി സൂചിപ്പിക്കുന്നതും, വിജയത്തിൽ കുറഞ്ഞതൊന്നും ടീമിന്‍റെ ലക്ഷ്യമല്ല എന്നു തന്നെ.
ഓവറിൽ ശരാശരി അഞ്ച് റൺസിനടുത്ത് സ്കോർ ചെയ്തുകൊണ്ട്, 231/3 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം കളി അവസാനിപ്പിച്ചിരിക്കുന്നത്. ന്യൂസിലൻഡ് ആദ്യ ഇന്നിങ്സിൽ നേടിയ 402 റൺസ് എത്തിപ്പിടിക്കാൻ ഇനിയും 125 റൺസ് കൂടി വേണം. പക്ഷേ, ഏഴ് വിക്കറ്റുകൾ ഇന്ത്യയുടെ കൂടാരത്തിൽ ഭദ്രമാണ് ഇപ്പോഴും. ഇന്ത്യൻ സാഹചര്യങ്ങളിൽ അവസാന ദിവസം 150 റൺസ് ചെയ്സ് ചെയ്യുന്നതു പോലും ഹിമാലയൻ കടമ്പയായിരിക്കും ന്യൂസിലൻഡിന്.
ഇങ്ങനെയൊരു പശ്ചാത്തലത്തിൽ പരമാവധി വേഗത്തിൽ 500 റൺസിനടുത്ത് സ്കോർ ചെയ്ത ശേഷം കിവികളെ സ്പിൻ കെണിയിൽ വീഴ്ത്തുക എന്ന പദ്ധതിയാണ് ഇന്ത്യ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന സൂചനയാണ് മൂന്നാം ദിവസത്തെ ബാറ്റിങ് ശൈലിയിൽ നിന്ന് വ്യക്തമാകുന്നത്.
ആദ്യ ഇന്നിങ്സിലെ തിരിച്ചടിയിൽ ചൂളി അമിത പ്രതിരോധത്തിലേക്കു വലിഞ്ഞ് സമനിലയ്ക്കു വേണ്ടി കളിക്കുന്ന ഇന്ത്യയെ പ്രതീക്ഷിച്ചെത്തിയ കിവി ബൗളർമാരെ വരവേറ്റത് രോഹിത് ശർമയും (52) യശസ്വി ജയ്സ്വാളും (35) ഉൾപ്പെട്ട 71 റൺസ് കൂട്ടുകെട്ടാണ്. എന്നാൽ, അതിലും വലുത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇരുവരെയും സ്പിന്നർ അജാസ് പട്ടേൽ പുറത്താക്കിയ ശേഷം ഒരുമിച്ച വിരാട് കോലിയും സർഫറാസ് ഖാനും സ്കോറിങ് നിരക്ക് വീണ്ടും ഉയർത്തി. 136 റൺസാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. 102 പന്തിൽ 70 റൺസെടുത്ത കോലി മൂന്നാം ദിവസത്തെ അവസാന പന്തിൽ പുറത്തായതു മാത്രമാണ് കിവി ബൗളർമാർക്ക് ആശ്വാസം. പാർട്ട് ടൈം ഓഫ് സ്പിന്നർ ഗ്ലെൻ ഫിലിപ്സിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിനു പിടികൊടുക്കുകയായിരുന്നു കോലി.
സർഫറാസ് ഖാൻ 70 പന്തിൽ 70 റൺസുമായി ക്രീസിലുണ്ട്. പുതുമുറക്കാരന്‍റെ പരിഭ്രമങ്ങളൊന്നുമില്ലാതെ കളിച്ച സർഫറാസ് ഏഴ് ഫോറും മൂന്നു സിക്സും നേടിക്കഴിഞ്ഞു. എട്ട് ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്സ്.
നേരത്തെ, 180/3 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച കിവീസിനെ രചിൻ രവീന്ദ്രയുടെ സെഞ്ചുറിയാണ് 402 എന്ന മികച്ച സ്കോറിലേക്കു നയിച്ചത്. വാലറ്റത്ത് തകർത്തടിച്ച ടിം സൗത്തി 65 റൺസും നേടി. ഓപ്പണർ ഡെവൺ കോൺവേ കഴിഞ്ഞ ദിവസം തന്നെ 91 റൺസെടുത്ത് പുറത്തായിരുന്നു. ഇന്ത്യക്കായി കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റ് കിട്ടിയപ്പോൾ, ആർ. അശ്വിനും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് സ്വന്തമാക്കി.