കേപ് ടൗണ്‍: പുതുവത്സരത്തിൽ പുതിയ തുടക്കത്തിന് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം. കേപ് ടൗണില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 മുതലാണു മത്സരം. ആദ്യടെസ്റ്റ് ദയനീയമായി പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കണമെങ്കില്‍ ജയം മാത്രമാണ് മുന്നിലുള്ളത്.
സെഞ്ചൂറിയനില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്നിങ്സിനും 32 റണ്ണിനുമാണ് ഇന്ത്യ കീഴടങ്ങിയത്. ഓള്‍റൗണ്ട് മികവിലൂടെ ആതിഥേയര്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഇന്നിങ്സില്‍ 245 റണ്ണിന് ഇന്ത്യയെ ഓള് ഔട്ടാക്കിയ ദക്ഷിണാഫ്രിക്ക 408 റണ്ണെന്ന മികച്ച സ്കോര്‍ കുറിച്ചു. സമ്മര്‍ദത്തിലായ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 131 റണ്ണിനു കൂടാരം കയറി. അര്‍ധസെഞ്ചുറിയുമായി പൊരുതിയ വിരാട് കോലി (76) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ആക്രമണത്തില്‍ പിടിച്ചുനിന്നത്.
സെഞ്ചൂറിയനിലെ തോല്‍വിക്ക് പകരംവീട്ടാനുള്ള തയാറെടുപ്പുമായി പുതുവത്സരദിനത്തില്‍ ടീം ഇന്ത്യ കേപ് ടൗണില്‍ പരിശീലനത്തിനിറങ്ങി. വിരാട് കോലി ശുഭ്മാന്‍ ഗില്ലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൂടുതല്‍ സമയം നെറ്റ്സില്‍ ചെലവഴിച്ച് ബാറ്റിങ് പ്രാക്റ്റീസ് നടത്തി. ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്സിലും റബാഡയ്ക്കു മുന്നില്‍ മുട്ടുമടക്കിയ രോഹിത്, പേസര്‍മാരെ നേരിടാനാണു കൂടുതല്‍ ശ്രദ്ധചെലുത്തിയത്. മുകേഷ് കുമാറിന്റെ പന്തുകള്‍ നേരിട്ടായിരുന്നു ക്യാപ്റ്റന്റെ പരിശീലനം.
മധ്യനിരയിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം നിരാശ സമ്മാനിക്കുന്നതാണ്. ആദ്യ ഇന്നിങ്സിലെ കെ.എൽ. രാഹുലിന്റേയും രണ്ടാം ഇന്നിങ്സിലെ വിരാട് കോലിയുടെ ബാറ്റിങ്ങ് പ്രകടനം മാത്രമാണ് ആശ്വസിക്കാനുള്ളത്. ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ച യുവതാരങ്ങൾ ദക്ഷിണാഫ്രിക്കൻ വേഗപ്പിച്ചിൽ നിന്ന് വിറയ്ക്കുകയാണ്. യശ്വസി ജെയ്സ്വാൾ (17,2) നായകൻ രോഹിത് ശർമ (5,0) ശുഭ്മൻ ഗിൽ (2,26), ശ്രേയസ് അയ്യർ (31,6) എന്നീ നാല് മുൻനിര താരങ്ങളിൽ നിന്ന് രണ്ട് ഇന്നിങ്സിലുമായി പിറന്നത് വെറും 92 റൺസ് മാത്രമാണ്. എന്നാൽ രണ്ടാം ടെസ്റ്റിൽ തിരിച്ചുവരാനുള്ള തീവ്ര ശ്രമത്തിലാണ് താരങ്ങൾ.
കഴിഞ്ഞ ടെസ്റ്റില്‍ നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ക്കൊപ്പം അരങ്ങേറ്റക്കാരനായ പ്രസിദ്ധ് കൃഷ്ണയും പേസ് ബൗളിങില്‍ അണിനിരക്കുകയായിരുന്നു. ഏക സ്പിന്നറുടെ റോള്‍ വെറ്ററന്‍ താരവും ഓള്‍റൗണ്ടറുമായ ആര്. അശ്വിനായിരുന്നു. പക്ഷെ രണ്ടാം ടെസ്റ്റില്‍ അശ്വിനു സ്ഥാനം നഷ്ടമായേക്കും. പകരം മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാവും ഇലവനിലേക്കു വരാനുള്ള സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന പ്രസിദ്ധിന് പകരം ആവേശ് ഖാന് അവസരം നൽകാനുള്ള സാധ്യതയുമുണ്ട്.
ആദ്യടെസ്റ്റിലെ തോല്‍വിക്കു പുറമേ കുറഞ്ഞ ഓവര്‍ നിരക്കിനു ശിക്ഷകൂടി ലഭിച്ചത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുംമുമ്പ് അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇതോടെ ആറാം സ്ഥാനത്തേക്കുവീണു.
മറുവശത്ത്, ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ പ്രകടനത്തിന് ശേഷം ആത്മവിശ്വാസത്തിന്റെ നിറവിലാണ്. മാത്രമല്ല, 2-0 പരമ്പര വിജയത്തോടെ ഡീൻ എൽഗറിന് അവിസ്മരണീയമായ വിടവാങ്ങൽ നൽകാനാണ് അവർ ശ്രമിക്കുന്നത്. കന്നിമത്സരത്തിനിറങ്ങി ഏഴുവിക്കറ്റുമായി തിളങ്ങിയ നാന്ദ്രെ ബര്‍ഗറും മാര്‍ക്കോ ജാന്‍സെനും കാഗിസോ റബാഡയും ഉള്‍പ്പെടെയുള്ള പേസര്‍മാരാണ് സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ ഇന്ത്യന്‍ പതനത്തിനു വഴിവച്ചത്. മറ്റൊരു പേസർ കോട്സെയ്ക്ക് മത്സരം നഷ്ടമാകുമെന്നത് അവർക്ക് നേരിയ വേദന സമ്മാനിക്കുന്നുണ്ട്. ബാറ്റർമാരെല്ലാം തന്നെ മികച്ച ഫോമിലാണ്. അവസാന ടെസ്റ്റിൽ വലിയ സ്കോർ കണ്ടെത്താന്‍ തന്നെയാണ് എൽഗറിന്റേയും ശ്രമം. ആദ്യ ഇന്നിങ്സിൽ പരാജയപ്പെട്ട എയ്ഡൻ മാത്രവും കീഗൻ പീറ്റേഴ്സണും തിരിച്ചുവരവിനുള്ള ശ്രമത്താലാണ്.
കേപ്ടൗണിൽ ഇന്ത്യ
കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ കാര്യങ്ങള്‍ ഒട്ടും തന്നെ ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. കേപ്ടൗണിൽ ആറ് ടെസ്റ്റുകൾ കളിച്ച ഇന്ത്യ ഇതുവരെ വിജയിച്ചിട്ടില്ല. ന്യൂലാൻഡ്സിൽ നാല് ടെസ്റ്റുകൾ തോറ്റെങ്കിലും 1993ലും 2011ലും രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
പിച്ച് റിപ്പോർട്ട്
സെഞ്ചൂറിയനിലേതിനു സമാനമായ അതിവേഗ പിച്ച് തന്നെയാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യയെ കാത്തിരിക്കുന്നതെന്നാണ് വിവരം. ഈ പിച്ചും പേസര്‍മാരെ തുണയ്ക്കുന്നതാണ്. പുല്ല് നിറഞ്ഞ ഇവിടുത്ത പിച്ചില്‍ പേസര്‍മാര്‍ക്കു നല്ല സ്വിങും ബൗണ്‍സുമെല്ലാം ലഭിക്കുകയും ചെയ്യും. എന്നാൽ അവസാന രണ്ടു ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്കും ഈ പിച്ചില്‍ നിന്നും പ്രയോജനം ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തെരഞ്ഞെടുക്കുന്നതായിരിക്കും കേപ്ടൗണില്‍ മികച്ച തീരുമാനം.
നേർക്കുനേർ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ 43 ടെസ്റ്റുകളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 15 എണ്ണത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ 18 എണ്ണത്തിൽ പ്രോട്ടീസ് വിജയിച്ചു. 10 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
സാധ്യതാ ഇലവൻ
ഇന്ത്യ
രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ/ രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ/ ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക
ഡീൻ എൽഗർ (ക്യാപ്റ്റൻ), ഐഡൻ മാർക്രം, ഡേവിഡ് ബെഡിംഗ്ഹാം, നാൻഡ്രെ ബർഗർ, ടോണി ഡി സോർസി, കെയ്ൽ വെറെയ്നെ (വിക്കറ്റ് കീപ്പർ), മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, വിയാൻ മൾഡർ, കീഗൻ പീറ്റേഴ്സൺ, കാഗിസോ റബാഡ.