ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ടി20 മത്സരത്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസണും തിലക് വർമയും. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 283 റൺസ് അടിച്ചെടുത്തു.
ഓപ്പണർ സഞ്ജു സാംസൺ 56 പന്തിൽ 9 സിക്സും 4 ബൗണ്ടറിയുമടക്കം 109 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം നമ്പറിലെത്തിയ തിലക് വർമ 47 പന്തിൽ 10 സിക്സറുകളും 4 ബൗണ്ടറികളുമടക്കം 120 റൺസ് നേടി.
ഇതോടെ അന്താരാഷ്ട്ര ടി20 മത്സരത്തിൽ തുടർച്ചയായി രണ്ടു സെഞ്ച്വറികൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി തിലക് വർമ. ആദ‍്യമായി ഈ നേട്ടം സ്വന്തമാക്കിയ ഇന്ത‍്യൻ താരം സഞ്ജു സാംസണാണ്. ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ 18 പന്തിൽ 2 ബൗണ്ടറിയും 4 സിക്സുമടക്കം 36 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും നിലയുറപ്പിക്കാനായില്ല.
സഞ്ജുവും തിലകും ചേർന്ന് ഉയർത്തിയ 210 റൺസ് ടി20 അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. ഒറ്റ ഇന്നിങ്സിൽ രണ്ടു ബാറ്റർമാർ സെഞ്ച്വറി നേടുന്നതും ഐസിസി ഫുൾ മെംബർ രാജ്യങ്ങളുടെ മത്സരത്തിൽ ഇതാദ്യം.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് അർഷ്ദീപ് സിങ്ങിന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും മാരകമായ സ്വിങ് ബൗളിങ്ങായിരുന്നു. ആറോവർ പവർ പ്ലേ പിന്നിടുമ്പോൾ അവർക്കു നേടാനായത് 30 റൺസ് മാത്രം. ടീം സ്കോർ 10 റൺസിൽ എത്തിയപ്പോൾ തന്നെ അവർക്കു നാലു വിക്കറ്റും നഷ്ടമായിരുന്നു.