കേപ്ടൗണ്‍: മുഹമ്മദ് സിറാജിന്റെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ കളിമറന്ന് ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിന്റെ ആദ്യ സെക്ഷനിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് 55ല്‍ ഒതുങ്ങി. 15 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 153 റൺസിന് പുറത്തായി. 46 റൺസുമായി വിരാട് കോലിയാണ് ടോപ് സ്കോറർ. സ്കോർ 153 ൽ നിൽക്കെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എങ്കിടിയും കഗിസോ റബാഡ ഇന്ത്യൻ ഇന്നിങ്സിന് തിരശീല വീഴ്ത്തി. ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 98 റൺസിന്റെ ലീഡുണ്ട്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്ക്കാന് സാധിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബെഡിങ്ഹാമും വെരെയ്നക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്. വിടവാങ്ങല്‍ ടെസ്റ്റില്‍ ക്യാപ്റ്റനായി ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഡീന്‍ എല്‍ഗറിന് പിഴച്ചു.
വിക്കറ്റ് കീപ്പര്‍ കെയില്‍ വെരാനെ (30 പന്തില്‍ 15), ഡേവിഡ് ബെഡിങ്ഹാം (17 പന്തില്‍ 12) ഒഴിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആരും രണ്ടക്കം കടന്നില്ല. എയ്ഡന്‍ മാര്‍ക്രം (2), ക്യാപ്റ്റന്‍ എല്‍ഗര്‍ (4), ടോണി ഡി സോര്‍സി (2), ട്രിസ്റ്റന്‍ സ്റ്റബ്സ് (3), മാര്‍ക്രോ ജാന്സെന് (0), കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബര്‍ഗര്‍ (4), ലുങ്കി എങ്കിടി (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ എറിഞ്ഞൊതുക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും അക്കൗണ്ട് തുറക്കാതെ യശസ്വി ജയ്സ്വാള്‍ റബാഡയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടന്നു.
രോഹിത് വലിയ സ്കോറിനുള്ള അടിത്തറയിട്ടെങ്കിലും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ ഗള്ളിയില്‍ മാര്‍ക്കോ യാന്‍സന്റെ കൈകളിലൊതുങ്ങി. 50 പന്തില്‍ 39 റണ്‍സായിരുന്നു ക്യാപ്റ്റന്റെ നേട്ടം. കോലിയും ഗില്ലും ആത്മവിശ്വാസത്തോടെ മുന്നേറിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദമില്ലാതെ 100 കടന്നു. പിന്നാലെ 55 പന്തില്‍ 36 റണ്‍സെടുത്ത ഗില്ലിനെയും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ മാര്‍ക്കോ യാന്സന് പിടികൂടി. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ നേരിട്ട രണ്ടാം പന്തില്‍ വെരിയന്നെക്ക് ക്യാച്ച് നല്കി ശ്രേയസ് പൂജ്യനായി മടങ്ങി. ചായക്ക് ശേഷം കെ.എൽ. രാഹുൽ (8), രവീന്ദ്ര ജഡേജ (0), ജസ്പ്രീത് ബുംമ്ര എന്നിവരെ ഒരു ഓവറിൽ പുറത്താക്കി ലുങ്കി എങ്കിടി ടിം ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ വിരാട് കോലി (46), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണയേയും പുറത്താക്കി ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചു