ഇന്ത്യയുടെയും ശ്രീലങ്കയുടെയും ട്വന്‍റി20 ക്രിക്കറ്റ് ടീമുകൾ പരിവർത്തനത്തിന്‍റെ പാതയിലാണ്. ശ്രീലങ്കയിൽ ശനിയാഴ്ച ആരംഭിക്കുന്ന ട്വന്‍റി20 പരമ്പരയിൽ ഇരു ടീമുകൾക്കും പുതിയ ക്യാപ്റ്റൻമാർ. ഇന്ത്യൻ ട്വന്‍റി20 ടീമിന്‍റെ സ്ഥിരം ക്യാപ്റ്റനായി അവരോധിക്കപ്പെട്ട സൂര്യകുമാർ യാദവിന്‍റെ അഭിപ്രായത്തിൽ ഇതു പഴയ ട്രെയിൻ തന്നെയാണ്, എൻജിൻ മാറിയെന്നു മാത്രം!
ചരിത് അസലങ്കയാണ് ശ്രീലങ്കയുടെ പുതിയ ക്യാപ്റ്റൻ. മഹേല ജയവർധന - കുമാർ സംഗക്കാര യുഗത്തിനു ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടുന്ന ശ്രീലങ്കയുടെ ഏറ്റവും പുതിയ പരീക്ഷണമാണ് ഇപ്പോഴത്തെ ക്യാപ്റ്റൻസി മാറ്റം. എന്നാൽ, ഇന്ത്യയെ സംബന്ധിച്ച് രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും വിരമിച്ചതിനു ശേഷം, ഗൗതം ഗംഭീറിനു കീഴിൽ നവോന്മേഷമുള്ള ടീം കെട്ടിപ്പടുക്കാനുള്ള ആദ്യ അവസരമാണ് ശ്രീലങ്കൻ പര്യടനം.
ക്യാപ്റ്റൻ മാത്രമല്ല ശ്രീലങ്കയുടെ കോച്ചും പുതിയതാണ്- മറ്റാരുമല്ല, സാക്ഷാൽ സനത് ജയസൂര്യ!
ലോകകപ്പ് നേടിയ ശേഷം രണ്ടാം നിര ടീമുമായി സിംബാബ്‌വെയിൽ ട്വന്‍റി20 പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കാനിറങ്ങുന്നത്. ഇവിടെ ജസ്പ്രീത് ബുംറ ഒഴികെയുള്ള ഒന്നാം നിര താരങ്ങളെല്ലാം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ശ്രീലങ്കൻ താരങ്ങളാകട്ടെ, ലങ്ക പ്രീമിയർ ലീഗ് കളിച്ച ഉന്മേഷത്തിലാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. എൽപിഎല്ലിൽ ജാഫ്ന കിങ്സിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് അസലങ്ക.
അസലങ്കയും സൂര്യകുമാറും മുൻപും ദേശീയ ടീമുകളെ നയിച്ചിട്ടുണ്ടെങ്കിലും, ഇരുവർക്കും മുഴുവൻ സമയ ക്യാപ്റ്റൻസി അപ്പോയിന്‍റ്മെന്‍റ് ഇതാദ്യമാണ്.
ഇന്ത്യൻ ടീമിലെ മറ്റൊരു പ്രധാന മാറ്റം വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ ശുഭ്‌മൻ ഗില്ലിന്‍റെ സ്ഥിരം നിയമനമാണ്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ സംശയാതീതമായി മികവ് തെളിയിച്ച ഗില്ലിനു പക്ഷേ ട്വന്‍റി20 ക്രിക്കറ്റിൽ ഇനിയും സ്വയം തെളിയിക്കാനുണ്ട്. സിംബാബ്‌വെയിൽ കളിച്ച യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നീ ടോപ് ഓർഡർ ബാറ്റർമാർ ഗില്ലിനെക്കാൾ മികവ് പുലർത്തിയെങ്കിലും അഭിഷേകും ഗെയ്ക്ക്‌വാദും ഇപ്പോൾ ടീമിൽ പോലുമില്ല. ലങ്കയ്ക്കെതിരേ ജയ്സ്വാളും ഗില്ലും തന്നെയാവും ഓപ്പണർമാർ.
മൂന്നാം നമ്പറിൽ ലോകകപ്പിലേതു പോലെ ഋഷഭ് പന്ത് തുടരുമോ അതോ വിരാട് കോലിയുടെ പകരക്കാരനായി മലയാളി താരം സഞ്ജു സാസംസൺ കളിക്കുമോ എന്നത് ഗൗതം ഗംഭീറിന്‍റെ തന്ത്രപരമായ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.
അതേസമയം, ശ്രീലങ്കൻ ടീം പരുക്കുകളുടെയും അസുഖങ്ങളുടെയും പിടിയിലാണ്. ദുഷ്മന്ത ചമീര, നുവാൻ തുഷാര, ബിനുര ഫെർണാണ്ടോ എന്നിവർ ഇതിനകം ടീമിൽ നിന്ന് ഒഴിവായിക്കഴിഞ്ഞു. ലങ്കൻ ക്യാംപിൽ പനി പടർന്നുപിടിച്ചത് അവരുടെ ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു.
ടീമുകൾ
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഖലീൽ അഹമ്മദ്, അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ്.
ശ്രീലങ്ക: ചരിത് അസലങ്ക (ക്യാപ്റ്റൻ), ദിനേശ് ചണ്ഡിമൽ (വിക്കറ്റ് കീപ്പർ), അസിത ഫെർണാണ്ടോ, അവിഷ്ക ഫെർണാണ്ടോ, വനിന്ദു ഹസരംഗ, ദിൽഷൻ മധുശങ്ക, കമിന്ദു മെൻഡിസ്, കുശാൽ മെൻഡിസ്, പാഥും നിശങ്ക, മതീശ പതിരണ, കുശൽ പെരേര (വിക്കറ്റ് കീപ്പർ), ദാസുൻ ശനക, മഹീഷ് തീക്ഷണ, ദുനിത് വെല്ലാലഗെ, ചാമിന്ദു വിക്രമസിംഗെ.