ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക് 
Sports

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

ചൈനയിൽ നടന്ന ഫൈനലിൽ ആതിഥേയരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്

ഹുലുൻബുയിർ (ചൈന): ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യ അഞ്ചാം വട്ടവും ചാംപ്യൻമാരായി. ചൈനയിൽ നടന്ന ഫൈനലിൽ ആതിഥേയരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയുടെ സമ്പൂർണ ആധിപത്യം കണ്ട ടൂർണമെന്‍റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ടീം ആധികാരികമായി കിരീടം സ്വന്തമാക്കിയത്.

ഡിഫൻഡർ ജുഗ്‌രാജ് സിങ്ങിന്‍റെ പേരിലാണ് മത്സരത്തിലെ ഏക ഗോൾ കുറിക്കപ്പെട്ടത്. ഇത്രയും മത്സരങ്ങളിൽ ഇന്ത്യ ഏറ്റവും കടുത്ത വെല്ലുവിളി നേരിട്ട മത്സരമായിരുന്നു ഇത്. ആദ്യ മൂന്നു പാദങ്ങളിലും ചൈനയുടെ പ്രതിരോധം ഭേദിക്കാൻ സാധിക്കാതിരുന്ന ഇന്ത്യ അവസാന പാദത്തിലാണ് ജയമുറപ്പിച്ച ഗോൾ സ്വന്തമാക്കുന്നത്, 51ാം മിനിറ്റിൽ.

രണ്ടാം വട്ടം മാത്രമാണ് ചൈന ഒരു അന്താരാഷ്ട്ര ഹോക്കി ടൂർണമെന്‍റിന്‍റെ ഫൈനൽ കളിക്കുന്നത്. ഒളിംപിക്സ് വെങ്കല ജേതാക്കളെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാനും അവർക്കു സാധിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനയെ എതിരില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയിരുന്നു.

ദക്ഷിണ കൊറിയയെ രണ്ടിനെതിരേ അഞ്ച് ഗോളിനു തോൽപ്പിച്ച പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനം.

ജേതാക്കളായ ഇന്ത്യൻ ടീമിലെ ഓരോ കളിക്കാർക്കും ഹോക്കി ഇന്ത്യ മൂന്ന് ലക്ഷം രൂപ വീതം പാരിതോഷം പ്രഖ്യാപിച്ചിട്ടുണ്ട്. സപ്പോർട്ട് സ്റ്റാഫിന് ഒന്നര ലക്ഷം രൂപ വീതവും നൽകും.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും