Sports

ഇന്ത്യൻ ക്രിക്കറ്റ് താരം 19ാം നിലയിൽ നിന്ന് ചാടി മരിക്കാൻ ഒരുങ്ങിയതെന്തിന്?

ക്രിക്കറ്റ് ഗ്രൗണ്ടിന് അകത്തും പുറത്തും ഒരുപാട് ഉയർച്ചതാഴ്ചകൾ കണ്ട കരിയറും ജീവിതവുമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടേത്. മുൻഭാര്യയുമായുണ്ടായിരുന്ന തുടർച്ചയായ കുടുംബ പ്രശ്നങ്ങൾ മുതൽ നിരന്തരം അലട്ടിയ പരുക്കുകൾ വരെ അതിജീവിച്ചാണ് ഷമി തന്‍റെ പേര് ജസ്പ്രീത് ബുംറക്കൊപ്പം ചേർത്തുവയ്ക്കാൻ യോഗ്യത നേടിയത്. എന്നാൽ, ഈ അതിജീവന കഥകൾക്കു പിന്നിൽ ആത്മഹത്യയുടെ വക്കോളമെത്തിയ തകർച്ചയുടെ നിമിഷങ്ങളുണ്ടായിരുന്നു.

മുൻ ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ച ആരോപണത്തിന്‍റെ പേരിൽ ഷമി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ സന്ദർഭത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക്കിസ്ഥാനുമായുള്ള മത്സരം തോറ്റുകൊടുക്കാൻ വാതുവയ്പ്പുകാരുമായി ഷമി ഒത്തുകളിച്ചു എന്നതായിരുന്നു ആരോപണം. ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ പൊലീസ് കേസ് കൊടുത്തതിനെത്തുടർന്ന് ഷമിയുടെ കരാർ ബിസിസിഐ തടഞ്ഞുവച്ചപ്പോൾ പൊലും ഉണ്ടാകാത്ത മാനസിക സമ്മർദത്തിലൂടെയാണ് ഒത്തുകളി ആരോപണം നേരിട്ടപ്പോൾ അദ്ദേഹം കടന്നുപോയത്.

മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ

ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിട്ടുണ്ടെന്ന് ഷമി തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുള്ളതാണെങ്കിലും, അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് ഉമേഷ് കുമാറാണ് ഇപ്പോൾ അതിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

''അവനന്ന് എന്‍റെ ഫ്ളാറ്റിലായിരുന്നു താമസം. ഒത്തുകളി ആരോപണത്തിൽ അന്വേഷണം കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ അവൻ തകർന്നുപോയി. എന്തും സഹിക്കാം. പക്ഷേ, രാജ്യത്തെ ഒറ്റുകൊടുത്തവനെന്നു വിളിച്ചാൽ സഹിക്കാൻ കഴിയില്ല എന്നാണ് അവന്ന് എന്നോടു പറഞ്ഞത്'', ശുഭാങ്കർ മിശ്രയുടെ 'അൺപ്ലഗ്ഗ്ഡ്' എന്ന് പോഡ്കാസ്റ്റിൽ ഉമേഷ് വിശദീകരിച്ചു.

''സമയം പുലർച്ചെ നാലു മണിയായിരുന്നു. ഞാൻ വെള്ളം കുടിക്കാൻ അടുക്കളയിലേക്കു പോയപ്പോഴാണ് അവൻ പത്തൊമ്പതാം നിലയിലെ ഫ്ളാറ്റിന്‍റെ ബാൽക്കണിയിൽ നിൽക്കുന്നതു കണ്ടത്. അവിടെനിന്നു ചാടി മരിക്കാനായിരുന്നു ആലോചന'', ഉമേഷ് കൂട്ടിച്ചേർക്കുന്നു.

ബിസിസിഐ അന്വേഷണത്തിൽ ഷമി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയെന്ന മെസേജ് അദ്ദേഹത്തിന്‍റെ ഫോണിൽ വരുമ്പോഴും താൻ ഒപ്പമുണ്ടായിരുന്നു എന്ന് സുഹൃത്ത് പറയുന്നു. ലോകകപ്പ് നേടുന്നതിനെക്കാൾ വലിയ സന്തോഷമായിരുന്നു അന്നു ഷമിക്കെന്നും ഉമേഷ്.

മുഹമ്മദ് ഷമി എക്സിൽ പങ്കുവച്ച ചിത്രം

പോഡ്കാസ്റ്റ് പാനലിൽ ഷമിയുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു സുഹൃത്തിന്‍റെ വെളിപ്പെടുത്തലുകൾ. അതിനോട് ഷമി നടത്തിയ പ്രതികരണം ഇങ്ങനെ:

''മറ്റൊരാൾ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതു നിർണായകമാണ്. അതു നിങ്ങളെ ബാധിക്കുന്നില്ലെന്നും നിങ്ങൾക്കു പ്രധാനമല്ലെന്നും മനസിലാക്കിയാൽ അവരവരുടെ കാര്യത്തിൽ ശ്രദ്ധിക്കും. ഞാൻ ഇന്നത്തെ മുഹമ്മദ് ഷമി അല്ലായിരുന്നെങ്കിൽ എന്‍റെ അവസ്ഥയൊന്നും ആരും കണക്കിലെടുക്കുമായിരുന്നില്ല, മാധ്യമങ്ങൾക്ക് അതിൽ താത്പര്യവും ഉണ്ടാകുമായിരുന്നില്ല. പിന്നെന്തിനാണ് എന്നെ ഷമിയാക്കുന്ന കാര്യങ്ങൾ ഞാൻ വേണ്ടെന്നു വയ്ക്കണം!''

കഴിഞ്ഞ വർഷം നവംബറിൽ ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച ശേഷം, കാലിനേറ്റ പരുക്കിനുള്ള ചികിത്സയിലായിരുന്നു ഷമി. ഇപ്പോൾ നെറ്റ് പ്രാക്റ്റീസ് പുനരാരംഭിച്ചു കഴിഞ്ഞു. എത്രയും വേഗം ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താനുള്ള കഠിന പ്രയത്നത്തിലാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിന്‍റെയോ ന്യൂസിലൻഡിന്‍റെയോ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരകളാണ് ഷമി ലക്ഷ്യം വയ്ക്കുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു