റിയാദ്: മെസിയും സുവാരസും ഗോളടിച്ചെങ്കിലും റിയാദ് സീസൺ കപ്പിൽ അൽ ഹിലാലിനോട് ഇന്റർ മയാമിക്ക് തോൽവി. മൂന്നിനെതിരേ നാല് ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് അൽ ഹിലാലിന്റെ വിജയഗോൾ പിറന്നത്. ബ്രസീലിയൻ താരം മാൽകോം വലചലിപ്പിച്ചു. ആദ്യ പകുതിയിൽ 3-1ന് പിന്നിട്ട് നിന്ന ശേഷം മയാമി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
കളി തുടങ്ങി പത്താം മിനിറ്റില്‍ അലക്സാണ്ടര്‍ മിട്രോവിച്ച് ആല് ഹിലാലിനെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ഹിലാല്‍ ലീഡ് ഇരട്ടിയാക്കി. മയാമി ഉണര്‍ന്നുകളിച്ചെങ്കിലും ആദ്യഗോള്‍ പിറന്നത് 34ാം മിനിറ്റിലായിരുന്നു. സുവാരസ് ആണ് പന്ത് വലയില്‍ എത്തിച്ചത്. 44ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഹിലാല്‍ ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയിലെ 54ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. മയാമിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് മെസി അനായാസം വലയിലെത്തിച്ചു. തൊട്ടപിന്നാലെ അടുത്ത നിമിഷം തന്നെ ഡേവിഡ് റൂയിസിലൂടെ ഒരു ഗോള്‍ നേടി മയാമി മത്സരം സമനില പിടിച്ചു. 87ാം മിനിറ്റില്‍ മെസിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്തി ഹിലാല്‍ വിജയം ഉറപ്പിച്ചു.