ജയ്പൂര്‍: വിജയവഴിയിൽ തിരിച്ചെത്താമെന്ന സഞ്ജു സാംസണിന്റെയും സംഘത്തിന്റെയും മോഹത്തിന് ഗുജറാത്തിന്റെ തിരിച്ചടി. നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെതിരേ ബാറ്റിങ് മറന്നു. ഫലം 9 വിക്കറ്റിന്റെ ദയനീയ തോല്‍വി. സ്വന്തം മൈതാനത്ത് 17.5 ഓവറിൽ 118 റൺസിനു പുറത്തായ രാജസ്ഥാനെതിരെ ബാറ്റിങിനിറങ്ങിയ ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഗുജറാത്ത് മത്സരത്തിൻ്റെ തുടക്കം മുതൽ വൃദ്ധിമാന്‍ സാഹയും(41*) ശുഭ്മാന്‍ ഗില്ലും (36) തകർത്തടിക്കുകയായിരുന്നു. എന്നാൽ ഒൻപതാം ഓവറിൽ ചാഹലിൻ്റെ പന്തിൽ ശുഭ്മാന്‍ ഗില്ലിനെ സഞ്ജു സാംസൺ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. പിന്നീട് ഇറങ്ങിയ നായകൻ ഹാർദിക് പാണ്ഡ്യ വൃദ്ധിമാന്‍ സാഹയെ കൂട്ടുപിടിച്ച് അനായാസം ലക്ഷ്യം മറികടന്നു. 3 സിക്സറും 3 ഫോറുമടക്കം 15 പന്തിൽ 39 റൺസാണ് ഹാർദിക് അടിച്ചുകൂട്ടിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞെടുത്ത രാജസ്ഥാന് കണക്കുകൂട്ടൽ തെറ്റിപോവുന്ന കാഴ്ച്ചയാണ് മൈതാനത്ത് കണ്ടത്. തുടക്കത്തിലേ ജോസ് ബട്ലറെ നഷ്ടപ്പെട്ടു. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന യശസ്വിയും സഞ്ജുവും ചേർന്ന് രാജസ്ഥാനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും നിരുത്തരവാദപരമായ ഓട്ടത്തിലൂടെ യശസ്വി റണ്ണൗട്ടായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നിലം പതിച്ചു.
20 പന്തിൽ 30 റൺസെടുത്ത നായകൻ സഞ്ജുവാണ് ടോപ് സ്കോറർ. ട്രെന്റ് ബോൾട്ട് 15ഉം യശസ്വി ജയ്സ്വാൾ 14ഉം റൺസ് നേടി. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ താരം റഷീദ് ഖാന്റെ ഉജ്വല ബൗളിങ്ങാണ് രാജസ്ഥാനെ തകർത്തത്. നൂർ മുഹമ്മദ് 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റും നേടി. ഷമിയും ഹാർദിക്കും ഓരോ വിക്കറ്റ് വീഴ്ത്തി.