ബംഗളൂരു: സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുന്നില്‍ 30 റണ്‍സകലെ പൊരുതി കീഴടങ്ങിയ റോയല്‍ ചലഞ്ചേഴ്സിന് ആശ്വാസമായതും വീര്യമായതും ദിനേഷ് കാര്‍ത്തിക് എന്ന വെറ്ററന്‍ ബാറ്ററുടെ അവിശ്വസനീയ പ്രകടനം. 288 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഒരു ഘട്ടത്തില്‍ 200 പോലും കടക്കില്ലെന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ സ്ഫോടനാത്മക ബാറ്റിങ്ങാണ് ഇത്രയും സ്കോവലിയ സ്കോറിലേക്ക് ബംഗളൂരുവിനെ എത്തിച്ചത്. ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷവരെ കാര്‍ത്തികിലൂടെ ബംഗളരു പുലര്‍ത്തി. 35 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് 83 റണ്‍സുമായി 19-ാം ഓവറില്‍ പുറത്തായി. നാല് ഫോറും ഏഴ് സിക്സുമടക്കമാണ് കാര്‍ത്തിക് 83 റണ്‍സ് സ്വന്തമാക്കിയത്. കാര്‍ത്തിക്കിനെ കൂടാതെ വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മാത്രമാണ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ഒന്ന് പൊരുതി നോക്കുകയെങ്കിലും ചെയ്തത്.
ഏഴ് മത്സരങ്ങള്‍ കളിച്ച ഡികെ ഇതുവരെ 226 റണ്‍സ് നേടിയിട്ടുണ്ട്. 75.33 ആണ് ശരാശരി. 205.45 എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും 42കാരനായ കാര്‍ത്തികിനുണ്ട്.
ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് നല്ല തുടക്കമായിരുന്നു ആര്‍സിബിയുടേത്. കോലിയും ഡുപ്ലെസിയും ചേര്‍ന്ന് 6.2 ഓവറില്‍ 80 റണ്‍സ് ചേര്‍ത്തു. കോലിയെ പുറത്താക്കി മായങ്ക് മാര്ക്കാണ്ഡെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം കേട്ടിരുന്ന കോലി ഇത്തവണ വെറും 20 പന്തില്‍ നിന്ന് 42 റണ്‍സെടുത്താണ് പുറത്തായത്. രണ്ട് സിക്സും ആറ് ഫോറുമടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.
പിന്നാലെ വില്‍ ജാക്ക്സ് (7), രജത് പാട്ടിദാര്‍ (9), സൗരവ് ചൗഹാന് (0) എന്നിവര്‍ തുടരെ മടങ്ങിയതോടെ ആര്‍സിബി പതറി. ഡുപ്ലെസി മാത്രമാണ് ഈ സമയം പൊരുതിയത്. 28 പന്തില്‍ നിന്ന് നാല് സിക്സും ഏഴ് ഫോറുമടക്കം 62 റണ്‍സെടുത്ത ഡുപ്ലെസിയെ 10-ാം ഓവറില്‍ പുറത്താക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആ പോരാട്ടം അവസാനിപ്പിച്ചു.
എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്ക് മത്സരം വീണ്ടും ആവേശകരമാക്കി. ആറാം വിക്കറ്റില്‍ മഹിപാല്‍ ലോംറോറിനെ (11 പന്തില്‍ 19) കൂട്ടുപിടിച്ച് 59 റണ്‍സ് ചേര്‍ത്ത കാര്‍ത്തിക്ക് ആര്‍സിബി ആരാധകര്‍ക്ക് പ്രതീക്ഷ നല്കി. മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ കാര്‍ത്തിക്കിന് പിന്തുണ നല്കാന് പക്ഷേ മറ്റാരുമുണ്ടായിരുന്നില്ല. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മായങ്ക് മാര്‍ക്കാണ്ഡെ രണ്ടു വിക്കറ്റെടുത്തു.നേരത്തേ ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയപ്പോള്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് അടിച്ചെടുത്തത് 287 റണ്‍സ്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 41 പന്തുകള്‍ നേരിട്ട താരം എട്ട് സിക്സും ഒമ്പത് ഫോറുമടക്കം 102 റണ്‍സെടുത്തു.ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കാനുള്ള ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ തീരുമാനം തെറ്റി.
ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് എട്ട് ഓവറില്‍ അടിച്ചുകട്ടിയത് 108 റണ്‍സ്. അഭിഷേക് 22 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 34 റണ്‍സെടുത്തു. അഭിഷേക് പുറത്തായതിനു പിന്നാലെ എത്തിയ ക്ലാസന് 31 പന്തില്‍ നിന്ന് ഏഴു സിക്സും രണ്ട് ഫോറുമടക്കം അടിച്ചെടുത്തത് 67 റണ്‍സ്.
മാര്‍ക്രം 17 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 32 റണ്‍സും സമദ് 10 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 37 റണ്‍സും അടിച്ചെടുത്തു.