ന്യൂഡല്‍ഹി: ഐപിഎല്ലിൽ ഡൽഹിക്കെതിരെ മുംബൈ ഇന്ത്യൻസിന് ജയം. അവസാന പന്ത് വരെ ആവേശം നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് വിക്കറ്റിന് തോൽപിക്കുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
ഫോമിലേക്ക് തിരിച്ചു വന്ന ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മുംബൈ ഇന്ത്യൻസ് എതിരാളികളായ ഡൽഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത് . തിലക് വർമയുടെ പ്രകടനവും മുംബൈക്ക് മുതൽക്കൂട്ടായി.
45 പന്തില്‍ 65 റൺസ് രോഹിത് അടിച്ചുകൂട്ടിയപ്പോൾ 29 പന്തില്‍ 41 റണ്‍സെടുത്ത് തിലക് വര്‍മ കരുത്തുകാട്ടി. മത്സരത്തിൻ്റെ തുടക്കത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സ്കോർ വേഗത കൂട്ടി. എന്നാൽ 26 പന്തില്‍ 31 റണ്‍സെടുത്ത് ഇഷാൻ കിഷൻ റൺ ഔട്ടാവുകയായിരുന്നു.
ശേഷം ഇറങ്ങിയ തിലക് വർമ്മ രോഹിത് കൂട്ടുകെട്ട് മുംബൈയുടെ വിജയ സാധ്യത അനായാസമാക്കി. പതിനഞ്ചാം ഓവറിൽ മുകേഷ് കുമാര്‍ തിലക് വർമ്മയെ വീഴ്ത്തിയപ്പോൾ പിന്നീട എത്തിയ സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. താരം പൂജ്യം (0) റൺസിൽ പുറത്താവുകയായിരുന്നു.
പതിനേഴാം ഓവറിൽ മുസ്തഫിസുര്‍ റഹ്മാൻ്റെ പന്തിൽ രോഹിത് തട്ടിവിട്ട പന്ത് കീപ്പർ പറന്നു പിടിച്ചപ്പോൾ മുംബൈ പതറുന്ന കാഴ്ച്ചയായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പിന്നീട് സമ്മർദ്ദത്തെ അതിജീവിച്ച് കാമറൂണ് ഗ്രീനും ടിം ഡേവിഡും ചേർന്ന് മുംബൈ ഇന്ത്യൻസിന് വിജയം ഒരുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് പുറത്തായി. ഒരു ഘട്ടത്തില്‍ വലിയ സ്കോറിലേക്കു കുതിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും മുംബൈയുടെ മികച്ച ബൗളിങ് ഡല്‍ഹിക്കു വിനയായി. കൂടാതെ ക്യാപ്റ്റന്‍ വാര്‍ണറുടെ സാവധാനത്തിലുള്ള കളിയും വിനയായി. ഓപ്പണറായി ഇറങ്ങി 43 പന്തില്‍ അര്‍ധസഞ്ചുറി തികച്ച വാര്‍ണര്‍ 47 പന്തില്‍ 51 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ പുറത്തായപ്പോള്‍ ഏഴാമനായി ക്രീസിലിറങ്ങി 25 പന്തില്‍ 54 റണ്‍സടിച്ച അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്.
പൃഥ്വി ഷായും ഡല്‍ഹിയുടെ മധ്യനിരയും വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ പതിമൂന്നാം ഓവറില്‍ 98-5ലേക്ക് തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അക്ഷര്‍ ആണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 22 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും പറത്തിയാണ് അക്ഷര്‍ അര്‍ധസെഞ്ചുറി തികച്ചത്. മുംബൈക്കായി പിയൂഷ് ചൗളയും ജേസണ്‍ ബെഹന്‍ഡോര്‍ഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 18 പന്തില്‍ 26 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ പിയൂഷ് ചൗള വീഴ്ത്തിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച തുടങ്ങി.
അരങ്ങേറ്റക്കാരന്‍ യാഷ് ജുള്‍(2), റൊവ്മാന്‍ പവല്‍(4), ലളിത് യാദവ്(2) എന്നിവര്‍ കൂട്ടുകെട്ടുകളില്ലാതെ മടങ്ങിയപ്പോള്‍ 81-1 ല് നിന്ന് 98-5ലേക്ക് ഡല്‍ഹി കൂപ്പുകുത്തി. ഏഴാമനായി ക്രീസിലെത്തി വാര്‍ണറെ സാക്ഷി നിര്‍ത്തി തകര്‍ത്തടിച്ച അക്ഷറാണ് ഡല്‍ഹിയെ 150 കടത്തിയത്. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഒരോവറില്‍ അക്ഷറെയും വാര്‍ണറെയും മടക്കി ബെഹന്‍ഡോര്‍ഫ് ഡല്‍ഹിയുടെ കുതിപ്പ് തടഞ്ഞു. ബെഹന്‍ഡോര്‍ഫ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. വാര്‍ണറും, അക്ഷറും പുറത്തായതിന് പിന്നാലെ കുല്‍ദീപ് യാദവ് റണ്ണൗട്ടായപ്പോള്‍ അവസാന പന്തില്‍ അഭിഷേക് പോറല്‍(1) കാമറൂണ് ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങി.
മുംബൈക്കായി പിയൂഷ് ചൗളയും ജേസണ്‍ ബെഹന്‍ഡോര്‍ഫും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍ ഹൃത്വിക് ഷൊക്കീന് ഒരു വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172ന് ഓള്‍ ഔട്ട്, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 173-4