അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ് ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. മത്സരം രാത്രി 7.30ന് ആരംഭിക്കും.
ഹര്‍ദിക് പാണ്ഡ്യയും എംഎസ് ധോണിയും ജയിച്ച് തുടങ്ങാന്‍ കണക്കുകൂട്ടിയിറങ്ങുമ്പോള് വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. വൈകീട്ട് 7.30നാണ് ആദ്യ മത്സരം നടക്കുന്നത്. ഇത്തവണ സ്റ്റാര്‍ സ്പോര്‍ട്സിനൊപ്പം ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാവും. നിലവിലെ ചാമ്പ്യന്മാരെന്ന കരുത്തില്‍ ഗുജറാത്തിറങ്ങുമ്പോള് അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരെന്ന നാണക്കേട് മായ്ക്കാനാണ് സിഎസ്കെയുടെ വരവ്. രണ്ട് ടീമിലും വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും ചില ശ്രദ്ധേയ മാറ്റങ്ങളോടെയാണ് രണ്ട് കൂട്ടരും ഇറങ്ങുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഇത്തവണ ലോക്കി ഫെര്ഗൂസനില്ല. പകരം ഐറിഷ് താരം ജോഷ്വാ ലിറ്റിലിനെയാണ് ഗുജറാത്ത് പരിഗണിച്ചത്. മുന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് കെയ്ന്‍ വില്യംസണിന്റെ വരവാണ് ഗുജറാത്ത് ടീമില്‍ എടുത്തു പറയേണ്ടത്. അവസാന സീസണിലെ ഒട്ടുമിക്ക താരങ്ങളേയും അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശുബ്മാന് ഗില്‍, വൃദ്ധിമാന്‍ സാഹ ഓപ്പണിങ്ങില്‍ ഇത്തവണയും ഗുജറാത്ത് വിശ്വാസം അര്‍പ്പിച്ചേക്കും.
മൂന്നാം നമ്പറില്‍ കെയ്ന്‍ വില്യംസണെത്തുമ്പോള്‍ നാലാം നമ്പറില്‍ നായകന് ഹര്‍ദിക് പാണ്ഡ്യയെത്തിയേക്കും. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിങ്ങനെ നീളുന്നതാവും ഗുജറാത്തിന്റെ ബാറ്റിങ് നിര. റാഷിദ് ഖാന്റെ ബൗളിങ്ങാണ് ഗുജറാത്തിന്റെ വജ്രായും. പേസ് നിരയില്‍ മുഹമ്മദ് ഷമിക്കൊപ്പം ഇത്തവണയും യാഷ് ദയാലുണ്ടാവും. അല്‍സാരി ജോസഫ്, ജോഷ്വാ ലിറ്റില്‍ എന്നിവരെ സാഹചര്യത്തിനനുസരിച്ച് ഗുജറാത്ത് പരീക്ഷിച്ചേക്കും. സംതുലിതമായ താരനിര ഗുജറാത്തിനുണ്ട്. നായകന് ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഗുജറാത്ത് വലിയ പ്രതീക്ഷവെക്കുന്നു. സിഎസ്കെയിലേക്ക് വരുമ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ വരവാണ് എടുത്തു പറയേണ്ടത്. റുതുരാജ് ഗെയ്ക് വാദിനൊപ്പം ഓപ്പണര്‍ റോളിലേക്ക് സ്റ്റോക്സ് എത്താനാണ് സാധ്യത കൂടുതല്‍ അവസാന സീസണില്‍ ടീമുമായി തെറ്റിപ്പിരിഞ്ഞ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവും സിഎസ്കെയ്ക്ക് കരുത്താവും. മോയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ എന്നിവരെല്ലാം പ്ലേയിങ് 11ലുണ്ടാവും. അതേസമയം, ഡ്വെയ്ന്‍ ബ്രാവോ വിരമിച്ചതിന്റെ വിടവ് ബൗളിങ്ങില്‍ നികത്തുക കടുപ്പം.
ബ്രാവോയെപ്പോലെ ഡെത്ത് ഓവറുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സ്റ്റോക്സിന് സാധിച്ചേക്കില്ല. കൂടാതെ മുകേഷ് ചൗധരിയുടെ പരിക്ക് സിഎസ്കെയ്ക്ക് കടുത്ത തിരിച്ചടിയാണ്. അവസാന സീസണില്‍ മിന്നിച്ച മുകേഷിന്റെ അഭാവം എത്രത്തോളം ടീമിനെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.
മഹേഷ് തീക്ഷണ, മോയിന്‍ അലി, രവീന്ദ്ര ജഡേജ സ്പിന്‍ കൂട്ടുകെട്ടിലൂന്നിയാവും ധോണി തന്ത്രം മെനയുകയെന്ന് ഉറപ്പ്. നേര്‍ക്കുനേര്‍ കണക്കിലേക്ക് വരുമ്പോള്‍ ഗുജറാത്തിന് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. അവസാന സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു. സിഎസ്കെയുടെയും ഗുജറാത്തിന്റെയും ഫിനിഷര്‍മാര്‍ വളരെ മികച്ചതാണ്.
ഗുജറാത്തിന്റെ ഫിനിഷര്‍മാരായി ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും എത്തുമ്പോള്‍ സിഎസ്കെയ്ക്കൊപ്പം എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ഫിനിഷര്മാരാവാനാണ് സാധ്യത. ധോണിക്ക് പഴയ ഫിനിഷിങ് മികവുണ്ടോയെന്നതാണ് കണ്ടറിയേണ്ടത്. പരിശീലനത്തില്‍ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു
ടീമുകള്‍ സജ്ജം
ഐപിഎല്ലിന് ഇന്നു തുടക്കമാകുമ്പോള്‍ എല്ലാ ടീമുകളും സജ്ജമായിക്കഴിഞ്ഞു. വയാകോം-18നാണ് ഐപിഎല്ലിന്റെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഐപിഎല്‍ 2023 ജിയോ സിനിമയുടെ ആപ്ലിക്കേഷനും വെബ്സൈറ്റും വഴി സൗജന്യമായി ആരാധകര്‍ക്ക് കാണാം. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് തന്നെയാണ് ഇക്കുറി ഫേവറൈറ്റുകള്‍. രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ വമ്പന്മാരും ടൈറ്റില്‍ പോരാട്ടത്തിനുണ്ടാകും.
ചെന്നൈ നാല് തവണ ചാമ്പ്യന്മാരായ ടീമും ഗുജറാത്ത് കഴിഞ്ഞ വര്‍ഷത്തെ ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്തിയ കൂട്ടരുമാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് സാധ്യതാ ഇലവന്:
ഡെവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, മൊയീന്‍ അലി, ബെന്‍ സ്റ്റോക്സ്, ശിവം ദുബെ, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് ചൗധരി, മിച്ചല്‍ സാന്റ്നര്‍.
ഗുജറാത്ത് ടൈറ്റന്‍സ് സാധ്യതാ ഇലവന്:
ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്, ഹാര്‍ദിക് പാണ്ഡ്യ, മാത്യു വെയ്ഡ്, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്, സായ് കിഷോര്‍, യാഷ് ദയാല്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ ഹോം-ആന്‍ഡ് എവേ രീതിയിലേക്ക് തിരിച്ചുവരുന്നതാണ് ഏറ്റവും വലിയ സവിശേഷത. പത്ത് ടീമുകള്‍ 12 വേദികളിലായി 74 മത്സരങ്ങളില്‍ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മേയ് ഇരുപത്തിയെട്ടിന് നടക്കും. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലെയറും വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം. പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ളവരുമായി ഓരോ തവണയും എതിര് ഗ്രൂപ്പിലുള്ളവരുമായി രണ്ട് തവണയും ഏറ്റുമുട്ടും. ഇതിനാല്‍ ഒരു ടീമിന് 14 മത്സരമുണ്ടാകും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലേക്ക് മുന്നേറും. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടി ഫൈനലിലെത്തും. ഇതില്‍ തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരം കൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്നവരും രണ്ടാം ക്വാളിഫയര്‍ കളിച്ച് ഫൈനലിലെത്തും എന്നതാണ് ഇത്തവണത്തെ മത്സരങ്ങളുടെ രീതി.
ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടിമാരായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ, ഗായകന് അരിജിത് സിംഗ് തുടങ്ങിയവര്‍ ഐപിഎല്‍ 2023ന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമാകും. കൂടുതല്‍ അതിഥികളേയും പ്രതീക്ഷിക്കുന്നു. വൈകിട്ട് ആറ് മണിക്ക് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും
ഇത്തവണ ഇംപാക്ട് പ്ലെയര്‍
ഇത്തവണത്തെ ഐപിഎല്ലില്‍ ചില ശ്രദ്ധേയമായ നിയമങ്ങള്‍ ഉണ്ട്. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലയറും വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരുകളിക്കാരനെ മാറ്റിഇറക്കുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ പരീക്ഷിച്ച ശേഷമാണ് ഐപിഎല്ലിലേക്ക് കൊണ്ടുവരുന്നത്. ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം പകരക്കാരുടെ പേരും മുന്‍കൂട്ടിനല്‍കണം. നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ. പതിനാലാം ഓവറിന് മുമ്പ് പകരക്കാരനെ കളത്തിലിറക്കണം. ഇതാവട്ടേ ഓവര്‍ പൂര്‍ത്തിയാവുമ്പോഴോ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ എക്സ് ഫാക്ടര്‍ പ്ലെയര്‍ എന്നപേരില്‍ ഈ രീതി നടപ്പാക്കുന്നുണ്ട്.
ആദ്യ ഇന്നിങ്സിന്റെ 10 ഓവറിന് ശേഷം ഒരോവറില്‍ കൂടുതല്‍ ബാറ്റ് ചെയ്യുകയോ പന്തെറിയുകയോ ചെയ്തിട്ടില്ലാത്തയാളെ മാറ്റി പകരം താരത്തെ കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ബിഗ് ബാഷ് ലീഗിലെ എക്സ് ഫാക്ടര്‍ പ്ലേയര്‍ നിയമം. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് മത്സരങ്ങള്‍ ഹോം ആന്‍ഡ് എവേ രീതിയിലേക്ക് തിരിച്ചുവരും പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ളവരുമായി ഓരോതവണയും എതിര്‍ഗ്രൂപ്പിലുള്ളവരുമായി രണ്ടുതവണയും ഏറ്റുമുട്ടും. ഒരു ടീമിന് 14 കളി.
പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ പ്ലേഓഫിലേക്ക് മുന്നേറും. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടി ഫൈനലിലെത്തും. ഇതില്‍ തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരംകൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്നവരും രണ്ടാം ക്വാളിഫയര്‍ കളിച്ച് ഫൈനലിലെത്തും. ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 13 കോടിരൂപയും.-