ദോഹ: ഇഞ്ചുറി ടൈമിൽ പിറന്ന ഒരൊറ്റ പെനൽറ്റി ഗോളിൽ ഇറാൻ - ജപ്പാൻ മത്സരത്തിന്‍റെ ഫലം നിർണയിച്ചു. ജപ്പാനെ മറികടന്ന് ഏഷ്യ കപ്പ് ഫുട്ബോൾ സെമി ഫൈനലിലേക്ക് മുന്നേറിയത് ഇറാൻ. ആദ്യ പകുതിയില്‍ ഒരുഗോളിന് ലീഡ് നേടിയ ശേഷമാണ് ജപ്പാന്‍ അവസാന 45 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി ചോദിച്ചു വാങ്ങിയത്.
ഹിദേമസ മൊരീറ്റയാണ് 28ാം മിനിറ്റിൽ ജപ്പാനെ മുന്നിലെത്തിച്ചത്. മുഹമ്മദ് മൊഹേബിയിലൂടെ (55) ഇറാന്‍ സമനില പിടിച്ചു. ഇതോടെ മത്സരം കൂടുതൽ ആവേശകരമായി മാറി. അവസാന അരമണിക്കൂറില്‍ ഇരുടീമുകളും നിരന്തരം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും സംഘടിപ്പിച്ചു. റെഗുലേഷൻ ടൈം കഴിഞ്ഞ് എട്ട് മിനിറ്റ് അനുവദിക്കപ്പെട്ട ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റലാണ് പെനൽറ്റി ഗോൾ കളിയുടെ വിധി നിർണയിക്കുന്നത്.
ഇറാനിയന്‍ താരം ഹുസൈനെ ബോക്സില്‍ വച്ച് ഫൗൾ ചെയ്തതിനു കിട്ടിയ പെനാല്‍റ്റി ക്യാപ്റ്റന്‍ അലി റെസ അനായാസം വലയിലാക്കുകയായിരുന്നു. മത്സരം എക്സ്ട്രാ സമയത്തേക്ക് നീളുമെന്ന് തോന്നിച്ച സമയത്താണ് ജപ്പാന്‍ പ്രതിരോധ താരം കളി മാറ്റിമറിക്കുന്ന പിഴവ് വരുത്തിയത്. വാർ പരിശോധന നടത്തിയാണ് റഫറി പെനാല്‍റ്റി വിധിച്ചത്.