മുംബൈ: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിനുള്ള ടീം ലിസ്റ്റ് നല്കിയപ്പോള് സുനില്‍ ഛേത്രി അടക്കമുള്ള മൂന്ന് സീനിയര്‍ താരങ്ങള്‍ ഇല്ലാതെ പോയത് സാങ്കേതികപ്പിഴവായിരുന്നുവെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അധ്യക്ഷന്‍ കല്യാണ്‍ ചൗബേ. സുനില്‍ ഛേത്രി, സന്ദേശ് ജിംഗാന്, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരെ ഒഴിവാക്കിയാണ് നേരത്തെ ടീം പ്രഖ്യാപിച്ചിരുന്നത്. ഇത് വിവാദമാവുകയും ചെയ്തു.
ഇതോടെ മൂന്ന് താരങ്ങളുടേയും പേരുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബേ രംഗത്തെത്തി. ''താരങ്ങളുടെ പേര് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ പതിനഞ്ചായിരുന്നു. അണ്ടര്‍ 23 ടീമാണ് കളിക്കുന്നത്. എന്നാല്‍ നിയമപ്രകാരം മൂന്ന് സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ ടീം ലിസ്റ്റ് നല്കിയപ്പോള് പിഴവ് സംഭിച്ചു. ഇക്കാര്യം പിന്നീട് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഗെയിംസ് സംഘാടക സമിതിയെ ബന്ധപ്പെട്ട് പേര് ഉള്‍പ്പെടുത്തുകയും ചെയ്തെന്ന് ചൗബേ വ്യക്തമാക്കി.
എന്നാല്‍, ഇന്ത്യ കളിക്കുക സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന നിരയുമായിട്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. മൂന്ന് താരങ്ങള്‍ക്ക് സ്പെഷ്യല്‍ അക്രഡിറ്റേഷന് നല്‍കണമെന്ന് ഏഷ്യന്‍ ഗെയിംസ് സംഘാടകരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ മൂവരും കളിക്കുമെന്നും ചൗബേ പറഞ്ഞു. കെ പി രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലെ മലയാളിതാരം. ഇരുപത്തിമൂന്ന് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ കളിക്കാന്‍ അനുമതി. മൂന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താം. അന്‍വര്‍ അലി, റഹിം അലി, പ്രഭ്സുഖന്‍ ഗില്‍, അനികേത് ജാദവ്, ആകാശ് മിശ്ര, ധീരജ് സിംഗ്, മഹേഷ് സിംഗ്, ശിവശക്തി നാരായണന്, വിക്രം പ്രതാപ് സിംഗ്, ജീക്സണ് സിംഗ്, സുരേഷ് സിംഗ് തുടങ്ങിയവര്‍ ടീമിലുണ്ട്. നേരത്തേ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് കേന്ദ്ര കായികമന്ത്രാലയവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും അനുമതി നിഷേധിച്ചിരുന്നു.
ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ എട്ടിലുള്ള ടീമുകള്‍ മാത്രം ഏഷ്യാഡില്‍ മത്സരിച്ചാല്‍ മതിയെന്നായിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്.