മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച്ച പഞ്ചാബ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി പരിശീലകന് ഇവാന് വുകമാനോവിച്ചിന് വിലക്ക്. ഈ മത്സരത്തില്‍ ടീമിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ബ്ലാസ്റ്റേഴ്സിന്റെ ആശാന് ടീമിനൊപ്പമുണ്ടാവില്ല. അദ്ദേഹത്തെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരിക്കുകയാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 പിഴയും ചുമത്തിയിട്ടുണ്ട്.
ചെന്നൈയിന് എഫ്.സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശമാണ് വിലക്കിന് കാരണം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നാക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നുേ.
ചെന്നൈയിനെതിരേ 3-3ന് സമനിലയില്‍ കലാശിച്ച മത്സരത്തില്‍ റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരേയും ചെന്നൈയിന്റെ രണ്ടാം ഗോള്‍ അനുവദിച്ചതിനെതിരേയുമായിരുന്നു വുകോമനോവിച്ചിന്റെ വിമര്‍ശനം.
കഴിഞ്ഞ സീസണ് ഐഎസ്എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പിഴ ചുമത്തിയത്. നാല് കോടിയായിരുന്നു ബ്ലാസ്റ്റേഴ്സിന് പിഴ.
പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ തള്ളിയിരുന്നു. നാല് കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അപ്പീല്‍ കമ്മിറ്റി പിന്നീട് വ്യക്തമാക്കി.