അഹമ്മദാബാദ്: ഇന്ത്യന്‍ വനിതാ ലീഗില്‍ ജേതാക്കളായി ഗോകുലം കേരള എഫ്സി. ഫൈനലില്‍ കിക്സ്റ്റാര്ട് എഫ്സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള തുടര്‍ച്ചയായി മൂന്നാം തവണയും വനിതാ ലീഗ് കിരീടം നേടുന്നത്. ഇതോടെ മൂന്ന് കിരീട നേട്ടത്തോടെ ഏറ്റവും കൂടുതല്‍ വനിതാ ലീഗ് കിരീടം നേടിയ ക്ലബ്ബായി ഗോകുലം കേരള.
മത്സരത്തിന്റെ 22ാം മിനിറ്റില്‍ ഗോകുലം കേരളയുടെ ലീഡ് ഇരട്ടിയാക്കിയ സന്ധ്യ, രണ്ടാം പകുതിയിലും 52 ാം മിനിറ്റില്‍ വീണ്ടും ഗോള്‍ നേട്ടം തുടര്‍ന്നു. 80ാം മിനിറ്റില്‍ റോജാ ദേവിയുടെ ഗോള്‍ ഗോകുലത്തിന്റെ കിരീടം ഉറപ്പിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദിലെ ട്രാന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്സി കര്‍ണാടക മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ഗോകുലം കേരള എഫ്സിയുടെ സമ്മര്‍ദത്തെ ചെറുക്കാന്‍ കിക്ക്സ്റ്റാര്ട്ടിനായില്ല. ഫൈനല്‍ ഉള്‍പ്പെടെ പത്ത് മത്സരങ്ങളില്‍ നിന്ന് 64 ഗോളുകളാണ് ഗോകുലം കേരള സ്വന്തമാക്കിയത്. ഈ സീസണിലെ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഗോകുലത്തിന്റെ കിരീടനേട്ടം. 29 ഗോളുകളുമായി സബ്രിതയാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍.