ചെന്നൈ: ചെന്നൈയിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ സുപ്രധാന നേട്ടവുമായി ജസ്പ്രീത് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലും കൂടി 400 വിക്കറ്റുകൾ തികയ്ക്കുന്ന പത്താമത്തെ ഇന്ത്യൻ ബൗളറും രാജ്യത്ത് നിന്നുള്ള ആറാമത്തെ പേസറുമായി ബുംറ. ബംഗ്ലാദേശിന്‍റെ ഹസൻ മഹമൂദിനെ മടക്കിയച്ചുക്കൊണ്ടാണ് 400 വിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയത്.
ബുംറ തന്‍റെ ആദ്യ ഓവറിൽ ബംഗ്ലദേശ് ഓപ്പണർ ഷാദ്മാൻ ഇസ്ലാമിനെ മടക്കി അയച്ചു. ആദ്യ രണ്ട് സെഷനുകളിൽ നിന്നായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ ടെസ്റ്റിൽ 162 വിക്കറ്റ് നേട്ടമായി. 89 ഏകദിന മത്സരങ്ങളിൽ നിന്നായി 149 വിക്കറ്റുകളും, 70 ടി20 മത്സരങ്ങളിലായി 89 വിക്കറ്റുകളും ബുമ്ര നേടി.
കപിൽ ദേവ്, ജവഹൽ ശ്രീനാഥ്, സഹീർ ഖാൻ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് ശേഷം 400 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത‍്യൻ ഫാസ്റ്റ് ബൗളർമാരുടെ പട്ടികയിൽ 30 കാരനായ ജസ്പ്രീത് ബുമ്രയും ഇടം പിടിച്ചു. അന്താരാഷ്ര്ട ക്രിക്കറ്റിൽ 227 മത്സരങ്ങളിൽ നിന്നാണ് 400 വിക്കറ്റ് നേട്ടം ബുമ്ര നേടിയത്.