മുംബൈ: പുതിയ പന്തെറിയാൻ തന്നെയാണ് തനിക്കു താത്പര്യമെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ താരമായ ബുംറയ്ക്ക് സ്ഥിരമായി ന്യൂബോൾ നൽകാത്തതിന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പഴി കേട്ടതിനു പിന്നാലെയാണ് വെളിപ്പെടുത്തൽ.
ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ പന്തെറിയാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പവര്‍ പ്ലേയുടെ തുടക്കത്തില്‍ തന്നെ പന്തെറിഞ്ഞാൽ കൂടുതൽ ഇംപാക്ടുണ്ടാകും. സ്വിങ് ലഭിക്കുന്ന സമയമാണത്. ബാറ്റര്‍മാര്‍ സെറ്റില്‍ ആയ ശേഷം പന്തെറിയുന്നതിലും എളുപ്പം ഇതാണെന്നും ബുംറ പറ‍്യുന്നു.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ന്യൂബോളെടുത്ത ബുംറ പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരുന്നു. 21 റണ്‍സ്‍ വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ബുംറ നേടിയത്.
ബൗളർമാരെക്കാൾ ബാറ്റർമാരെ സഹായിക്കുന്ന ഫോർമാറ്റാണ് ട്വന്‍റി20 എന്നും ബുംറ സമ്മതിക്കുന്നു. താന്‍ പ്രതീക്ഷിച്ചതിലും ക്ലോസ് ആയിരുന്നു പഞ്ചാബിനെതിരായ മത്സരമെന്നും അദ്ദേഹം വിലയിരുത്തി.
''ഈ ഫോര്‍മാറ്റില്‍ ആദ്യ രണ്ട് ഓവറുകളില്‍ പന്ത് സ്വിങ് ചെയ്യും. എനിക്ക് കൂടുതല്‍ പന്തെറിയേണ്ടപ്പോള്‍ ഞാന്‍ ടെസ്റ്റ് കളിക്കും. അവിടെയാണ് പന്തെറിയാനുള്ള എന്‍റെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയാക്കുന്നത്'', ബുംറ വ്യക്തമാക്കി.
അതേസമയം ഐപിഎല്ലില്‍ ആറില്‍ താഴെ ഇക്കോണമി നിലനിര്‍ത്താന്‍ ബുംറയ്ക്കു സാധിച്ചിട്ടുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്നു 13 വിക്കറ്റുകളാണ് ബുംറ ഇതുവരെ നേടിയത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോൾ ഒന്നാമതാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 21 റണ്‍സ് വിട്ടു നില്‍ക്കി അഞ്ച് വിക്കറ്റ് നേടിയതാണ് ഈ സീസണിലെ മികച്ച പ്രകടനം.